kerala-university-

തിരുവനന്തപുരം: ചാൻസലറായ ഗവർണർ ചെന്നൈയിൽ പോകുന്ന ദിവസം കണക്കാക്കി കേരള സർവകലാശാല ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത് വിവാദത്തിൽ. ഗവർണർ പി.സദാശിവത്തിന് 22ന് ചെന്നൈയിൽ നേരത്തേ നിശ്ചയിച്ച പരിപാടിയുണ്ടായിരിക്കെ ആ ദിവസം തന്നെ ആസ്ട്രോഫിസിക്‌സ് ശാസ്ത്രജ്ഞൻ ഡോ. ജയന്തൻ നർലേക്കർക്കും ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളായ ക്രിസ്‌ഗോപാലകൃഷ്ണനും ഓണററി ഡോക്ടറേ​റ്റ് നൽകാൻ സർവകലാശാല തീരുമാനിക്കുകയായിരുന്നു. സർവകലാശാല ചരിത്രത്തിൽ ആദ്യമായാണ് ചാൻസലറുടെ അഭാവത്തിൽ പ്രത്യേക ബിരുദദാന സമ്മേളനം നടക്കുന്നത്. സെപ്തംബർ നാലിന് ഗവർണർ പി.സദാശിവത്തിന്റെ കാലാവധി അവസാനിക്കും.

സർവകലാശാല ബിരുദാന ചടങ്ങിന്റെ തീയതി മാറ്റാതിരുന്നതോടെ, പ്രോ ചാൻസലറായ മന്ത്രി കെ.ടി.ജലീലിനെ ചടങ്ങിലേക്ക് ഗവർണർ ചുമതലപ്പെടുത്തുകയായിരുന്നു. കേരള സർവകലാശാലാ സെനറ്റിലേക്ക് വൈസ് ചാൻസലർ ശുപാർശ ചെയ്ത രണ്ട് സി.പി.എം നേതാക്കളെ ഒഴിവാക്കി, പുറമേ നിന്നുള്ള രണ്ടു പേരെ ഗവർണർ നാമനിർദ്ദേശം ചെയ്തതിനെത്തുടർന്ന് ഗവർണർക്കെതിരെ സി.പി.എം പരസ്യമായി രംഗത്തെത്തിയിരുന്നു. ഗവർണറുടെ ചടങ്ങ് ചെന്നൈയിലായതിനാൽ ബിരുദദാന ചടങ്ങിന്റെ സമയം മാറ്റുകയോ തീയതി മാറ്റുകയോ ചെയ്തെങ്കിൽ അദ്ദേഹത്തിന് പങ്കെടുക്കാനാവുമായിരുന്നു. സാധാരണ ഗവർണറുടെ സൗകര്യം പരിഗണിച്ചാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. എന്നാൽ ഓണററി ഡോക്ടറേ​റ്റ് നൽകുന്ന രണ്ടുപേരെയും ഒരുമിച്ച് കിട്ടാൻ പ്രയാസമായതിനാൽ തീയതി മാറ്റാനാവില്ലെന്ന് സർവകലാശാല നിലപാടെടുത്തു. ഇതോടെയാണ് പ്രോ ചാൻസലറെ ബിരുദദാനചടങ്ങിന് ഗവർണർ ചുമതലപ്പെടുത്തിയത്.

ഒഴിവാക്കാനാകാത്ത പരിപാടിയുള്ളതിനാലാണ് ഗവർണർ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് വൈസ്ചാൻസലർ ഡോ. മഹാദേവൻ പിള്ള പറഞ്ഞു. ഗവർണറുടെ നിർദേശ പ്രകാരമാണ് പ്രോ ചാൻസലർ ബിരുദദാനം നിർവഹിക്കുന്നത്. സർവകലാശാല ചട്ടപ്രകാരം ചാൻസലറുടെ അഭാവത്തിൽ പ്രോ ചാൻസലർക്ക് ബിരുദദാനം നിർവഹിക്കാമെന്നും വി.സി പറഞ്ഞു. സർവകലാശാല ചട്ടപ്രകാരം ഓണററി ബിരുദം നൽകുന്നതിനും ബിരുദദാന പ്രസംഗം നടത്തുന്നതിനുമുള്ള അധികാരം ചാൻസലറിൽ മാത്രം നിക്ഷിപ്തമായിട്ടുള്ളതാണെന്നും ഈ അധികാരം കൈമാറാൻ വ്യവസ്ഥയില്ലാതിരിക്കെ മന്ത്റി ബിരുദം നൽകുന്ന നടപടി ചട്ടവിരുദ്ധമാണെന്ന് സേവ് യൂണിവേഴ്‌സി​റ്റി കാമ്പയിൻ കമ്മി​റ്റി ചെയർമാൻ ആർ.എസ് ശശികുമാറും കൺവീനർ എം.ഷാജർഖാനും പ്രസ്താവനയിൽ പറഞ്ഞു.

സെനറ്റിലേക്ക് എഴുത്തുകാരുടെ ക്വോട്ടയിൽ വൈസ്ചാൻസലർ ശുപാർശ ചെയ്ത ഡി.വൈ.എഫ്.ഐ നേതാവ് ഷിജുഖാൻ, അഭിഭാഷകരുടെ ക്വോട്ടയിലെ ജി.സുഗുണൻ എന്നിവരെ ഒഴിവാക്കി, ഡോ.എ.എം ഉണ്ണികൃഷ്‌ണൻ, ജി.മുരളീധരൻ പിള്ള എന്നിവരെ ഗവർണർ നാമനിർദ്ദേശം ചെയ്തിരുന്നു. ഗവേഷകരുടെ ക്വോട്ടയിൽ ശുപാർശ ചെയ്ത വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞൻ ഡോ.സുരാജ്, സി.എസ്.ഐ.ആറിലെ പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ.രാജീവ് കെ. സുകുമാരൻ എന്നിവരെ ഒഴിവാക്കിയ ഗവർണർ ശാസ്ത്രജ്ഞനായ ഡോ.ടി.ജി. വിനോദ്കുമാറിനെയാണ് നാമനിർദ്ദേശം ചെയ്തത്. ആർ.എസ്.എസ് സമ്മർദ്ദത്തിന് വഴങ്ങിയാണ് സർവകലാശാലയുടെ പാനലിന് പുറത്തുനിന്ന് രണ്ടുപേരെ ഗവർണർ കൂട്ടിച്ചേർത്തതെന്നും മതന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കി സംഘപരിവാർ ആഭിമുഖ്യമുള്ള രണ്ട് പേരുകൾ കൂട്ടിച്ചേർത്തത് വിചിത്രമായ നടപടിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിറക്കിയിരുന്നു. ചാൻസലർ എന്ന നിലയിലെ ചുമതലകളെ രാഷ്ട്രീയ താത്പര്യത്തിനായി ഗവർണർ ഉപയോഗിച്ചെന്നും വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിരുദദാനചടങ്ങിലെ വിവാദം.