തിരുവനന്തപുരം: വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കാനും വ്യാജപതിപ്പുകളെ തടയാനുമായി കേരള കരകൗശല വികസന കോർപ്പറേഷൻ ഓൺലൈൻ വിപണന പോർട്ടലായ 'https://www.keralahandicrafts.in/" പുറത്തിറക്കി. കരകൗശല ഉത്‌പന്നങ്ങൾ ഈ പോർട്ടലിലൂടെ ലഭ്യമാണ്. മന്ത്രി ഇ.പി. ജയരാജൻ പോർട്ടൽ ഉദ്ഘാടനം ചെയ്‌തു.

ഉപഭോക്താക്കൾക്ക് ഉത്‌പന്നങ്ങളെ കുറിച്ച് പോർട്ടലിലൂടെ വിശദമായി മനസിലാക്കാനാകും. ഉത്‌പന്നങ്ങളുടെ സവിശേഷതകളും അവ നിർമ്മിച്ച കലാകാരന്മാരുടെ വിവരങ്ങളും പോർട്ടലിലുണ്ട്. സി-ഡിറ്റിന്റെ സഹായത്തോടെയാണ് പോർട്ടൽ തയ്യാറാക്കിയത്. തടി,​ മുള,​ ലോഹങ്ങൾ,​ കളിമണ്ണ് തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച മികവുറ്റ ഉത്‌പന്നങ്ങളാണ് കരകൗശല വികസന കോർപ്പറേഷന്റേത്. കരകൗശല മേഖലയിൽ മൂന്നുലക്ഷത്തോളം പേരാണ് കേരളത്തിൽ പണിയെടുക്കുന്നത്. ഈ രംഗത്തേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ഓൺലൈൻ വിപണനം സഹായിക്കുമെന്നാണ് പ്രതീക്ഷ.