mig-21

ന്യൂഡൽഹി: 44 പഴക്കമുള്ള മിഗ് - 21 യുദ്ധവിമാനമാണ് വ്യോമസേന ഇപ്പോഴും ഉപയോഗിക്കുന്നതെന്നും ഇത്രയും പഴക്കമുള്ള കാർ പോലും ഒരാളും ഓടിക്കില്ലെന്നും എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പറഞ്ഞു. മിഗ്-21 ഈ വർഷത്തോടുകൂടി ഘട്ടംഘട്ടമായി ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമസേനയുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ അതിർത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലടക്കം ഇന്ത്യ ഉപയോഗിച്ചത് റഷ്യൻ നിർമിത മിഗ്-21 ആയിരുന്നു. അതേസമയം, പാകിസ്ഥാൻ എഫ്16 ജറ്റുകളാണ് പ്രത്യാക്രമണത്തിന് ഉപയോഗിച്ചത്.

1973-74 കാലത്താണ് മിഗ് - 21 വ്യോമസേനയുടെ ഭാഗമായത്. ഇന്ത്യൻ നിർമിത വിമാനഭാഗങ്ങൾ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നിർവഹിച്ചാണ് വിമാനങ്ങൾ ഇക്കാലമത്രയും ഉപയോഗിച്ചത്. റഷ്യക്കാർ നിലവിൽ ഈ വിമാനം ഉപയോഗിക്കുന്നില്ല.

പാകിസ്ഥാന്റെ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പറത്തിയിരുന്നത് മിഗ് 21 ബയ്സൺ വിമാനമായിരുന്നു. പാകിസ്ഥാന്റെ എഫ്16 വിമാനം വെടിവച്ചു വീഴ്ത്താൻ വർദ്ധമാന് സാധിച്ചിരുന്നു. മിഗ്-21ന്റെ പരിഷ്‌കരിച്ച പതിപ്പാണ് മിഗ്- 21 ബെയ്സൺ.