indian-army

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി പാക് മണ്ണിൽ കടന്ന് തിരിച്ചടിക്കാൻ ഇന്ത്യൻ സെെന്യം സജ്ജമായിരുന്നെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനെതിരെ കരയുദ്ധം നടത്താൻ കരസേന സജ്ജമാണെന്ന് കേന്ദ്രസർക്കാരിനെ അറിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പാക് മണ്ണിൽ കയറി ആക്രമണം നടത്താൻ സെെന്യം തയ്യാറാണെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്താണ് സർക്കാർ വൃത്തങ്ങളെ അറിയിച്ചിരുന്നത്. പുൽവാമയ്ക്കെതിരായി പാകിസ്ഥാന് എന്തു തിരിച്ചടി നൽകണമെന്ന് ആലോചിക്കുമ്പോഴാണ് ജനറൽ യുദ്ധസന്നദ്ധത അറിയിച്ചതെന്ന് ജനറൽ പി.ടി.ഐ റിപ്പോർട്ട് ചെയ്തത്.

ഉയർന്ന സെെനികവൃത്തങ്ങളെ ഉദ്ധരിച്ചാണ് പി.ടി.എ റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാനിൽ നിന്നുള്ള ഏത് നീക്കവും ചെറുക്കാൻ പാകത്തിൽ ഇന്ത്യന്‍ സൈന്യം തയാറെടുത്തിരുന്നുവെന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജനറൽ ബിപിന്‍ റാവത്ത് പറഞ്ഞു. 2016-ൽ ഉറി ഭീകരാക്രമണത്തിനുശേഷം 11,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാനുള്ള കരാറിലാണ് സൈന്യം ഏർപ്പെട്ടത്. ഇതിൽ 95 ശതമാനവും ലഭിച്ചുകഴിഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ബാലാക്കോട്ടിലെ ജയ്‌ഷെ ക്യാമ്പിനു നേരെ വ്യോമാക്രമണം നടത്തിയാണ് ഇന്ത്യ ഭീകരർക്കും പാകിസ്ഥാനും മറുപടി കൊടുത്തത്. അതിന് ശേഷം പാകിസ്ഥാൻ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സെെന്യം പരാജയപ്പെടുത്തുകയായിരുന്നു.