ബെംഗലുരു: കർണാടകയിലെ യെദ്യൂരപ്പ സർക്കാരിന്റെ ആദ്യമന്ത്രിസഭാവികസനത്തിൽ സത്യപ്രതിജ്ഞ ചെയ്ത 17 പേരിൽ നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതിന് പുറത്തായ ബി.ജെ.പി നേതാക്കളും. 2012 ഫെബ്രുവരിയിൽ നിയമസഭാ സമ്മേളനത്തിനിടയിൽ ഫോണിൽ അശ്ലീല വീഡിയോ ക്ലിപ്പ് കണ്ട ലക്ഷ്മൺസാവദിയും സി.സി. പാട്ടീലുമാണ് യദ്യൂരപ്പയുടെ മന്ത്രിസഭയിലും ഇടം നേടിയത്.
2012ൽ സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മൺ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സി.സി.പാട്ടീൽ. നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങൾ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇവർ തിരികെ മന്ത്രിസഭയിൽ എത്തുന്നത്. വിവാദമായതോടെ വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നായിരുന്നു ലക്ഷ്മൺ സാവദിയുടെ പ്രതികരണം. സംസ്ഥാനത്ത് നടക്കുന്ന ചില നിശാപാർട്ടികളിലെ ദൃശ്യങ്ങളായിരുന്നു കണ്ടതെന്നും നിശാപാർട്ടികളിൽ നടക്കുന്നതെന്താണെന്ന് അറിയുകയുമായിരുന്നു തന്റെ ഉദ്ദേശമെന്നുമായിരുന്നു ലക്ഷ്മൺ സാവദി അന്ന് നല്‍കിയ വിശദീകരണം.
ലിംഗായത്ത് സമുദായത്തിന്റെ ശക്തനായ നേതാവ് കൂടിയാണ് ലക്ഷ്മൺ. ലിംഗായത്ത് സമുദായത്തിന് ഭൂരിപക്ഷം നൽകുന്നതാണ് പുതിയ മന്ത്രിസഭ. പതിനേഴ് മന്ത്രിമാരിൽ 7 പേരും ഒരേ സമുദായത്തിൽ നിന്നുള്ളവരാണ്.