artcle-370

ന്യൂഡൽഹി ∙ ജമ്മു കാശ്മീർ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യൻ നിലപാടിന് അമേരിക്കയുടെ പിന്തുണ. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് യു.എസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ ഇന്ത്യയുടെ നിലപാടിന് പിന്തുണ അറിയിച്ചത്.

കാശ്മീർ വിഷയത്തിൽ അമേരിക്ക ഇടപെടില്ലെന്നു മാർക്ക് എസ്പർ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണ്. പാകിസ്ഥാന് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം സംബന്ധിച്ച പ്രശ്നങ്ങൾ രാജ്നാഥ് സിങ് ഉന്നയിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള ശ്രമങ്ങളിൽ അമേരിക്ക നൽകുന്ന പിന്തുണയ്ക്ക് രാജ്നാഥ് സിംഗ് നന്ദി അറിയിച്ചു.

370–ാം വകുപ്പ് സംബന്ധിച്ച പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ജമ്മുകീശ്മീർ ജനതയുടെ സാമ്പത്തിക വികസനും ഉന്നമനവും ലക്ഷ്യമിട്ടാണ് നടപടിയെന്നും മാർക്ക് എസ്പറിനെ രാജ്നാഥ് സിംഗ് അറിയിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ മാർക്ക് എസ്പറിനെ പ്രതിരോധ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

അതിർത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിക്കാതെ മേഖലയിൽ സമാധാനം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. .

അതേസമയം, ജമ്മു കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ രാജ്യാന്തര കോടതിയെ സമീപിക്കുമെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എല്ലാം നിയമവശങ്ങളും ചർച്ചചെയ്ത ശേഷമാണ് നീക്കമെന്നു പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂജ് ഖുറേഷി പറഞ്ഞതായും ഏജൻസി റിപ്പോർട്ട് ചെയ്തു.