manju-warrier
MANJU WARRIER

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാര്യരെയും സംഘത്തെയും തിരിച്ചുകൊണ്ടുവരാനായി ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും സിനിമാസംഘം കുടുങ്ങിയ സ്ഥലത്ത് നിന്നും ഏതാണ്ട് 22 കിലോമീറ്റർ അകലെയുള്ള കോക്‌സറിൽ സ്ഥിതിചെയ്യുന്ന ബേസ് ക്യാമ്പിലേക്ക് ഇവരെയെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങിയതായും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

സിനിമാസംഘം സുരക്ഷിതരാണെന്ന് ഹിമാചൽ പൊലീസ് കമ്മിഷണറും വഴിയിലെ തടസങ്ങൾ നീക്കിയതായി ജില്ലാ ഭരണകൂടവും അറിയിച്ചു.അതേസമയം തങ്ങൾ സുരക്ഷിതരാണെന്നും സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷമേ മടങ്ങുകയുള്ളൂ എന്നും മഞ്ജുവും സംഘവും ജില്ലാഭരണകൂടത്തെ അറിയിച്ചതായി വി. മുരളീധരൻ പറഞ്ഞു.

കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ്‌ നടി മഞ്ജുവും സംവിധായകൻ സനൽകുമാർ ശശിധരനും അടങ്ങുന്ന 30 അംഗ സംഘം കുളുമണാലിയിൽ നിന്നും 82 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ഛത്രു എന്ന പ്രദേശത്ത് കുടുങ്ങിയത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണുണ്ടായിരുന്നത്. സനൽകുമാർ ശശിധരന്റെ ‘കയറ്റ’മെന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുൻപാണ് ഇവർ ഛത്രുവിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മഞ്ജുവാര്യർ നേരിട്ട് സഹോദരൻ മധു വാര്യരെ വിളിച്ചു വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സാറ്റ്ലൈറ്റ് ഫോണിൽ ബന്ധപ്പെട്ടാണ് അവിടെ ശക്തമായ മഴ തുടരുകയാണെന്ന് മഞ്ജു പറഞ്ഞത്. ഷിംലയിൽ നിന്നു 330 കിലോമീറ്റർ ദൂരെയാണ് ഹിമാലയൻ താഴ്വരയിലെ ക്യാമ്പിംഗ് സൈറ്റായ ഛത്രു. ഇവിടെ ഹോട്ടലുകളോ മൊബൈൽ നെറ്റ്‌വർക്കോ ലഭ്യമല്ല. ഷൂട്ടിംഗ് സംഘം ടെന്റുകളിലാണ് താമസിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് കനത്ത മഴയും മഞ്ഞുവീഴ്ചയും മേഖലയിൽ ആരംഭിച്ചത്.സിനിമാസംഘത്തിന് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി ഹിമാചൽ ഭരണകൂടം അറിയിച്ചു.

മഞ്ജുവിനെ രക്ഷിക്കണമെന്ന് നടൻ ദിലീപ് ആവശ്യപ്പെട്ടു: ഹൈബി ഈഡൻ എം.പി

ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മ‍ഞ്ജു വാര്യരെയും സംഘത്തെയും രക്ഷിക്കണമെന്ന് നടൻ ദിലീപ് തന്നെ വിളിച്ച് ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതേത്തുടർന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലിലെ എം.പിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് അഭ്യർത്ഥിക്കുകയായിരുന്നെന്ന് ഹൈബി പോസ്റ്റിൽ പറയുന്നു.