pink-emoji-

സോഷ്യൽ മീഡിയയിൽ വൈറലായ പിങ്ക് പെയിന്റ് പൂശിയ ആ വീട് ഇതാ വില്പനയ്ക്ക്. പന്ത്രണ്ടുകോടിയുണ്ടെങ്കിൽ വീട് നിങ്ങൾക്കും സ്വന്തമാക്കാം.

സതേൺ കാലിഫോർണിയയിലെ മാൻഹട്ടൻ ബീച്ചിന് സമീപമാണ് 'പിങ്ക് ഇമോജി ഹൗസ്' എന്ന ഈ വീടുള്ളത്. പിങ്ക് പെയിന്റടിച്ച വീടിന്റെ പുറംചുമരിൽ വലിയ രണ്ട് ഇമോജികളും കാണാം. കടുംപിങ്ക് നിറവും ഇമോജികളും തന്നെയാണ് വീടിനെ ശ്രദ്ധേയമാക്കിയത്.

വീടിനുടമയായ കാതറിൻ കിഡ് വീട് വാടകയ്ക്കു വച്ചതോടെ ചെറിയവിവാദത്തിലും വീട്പെട്ടു.. മാൻഹട്ടൻ ബീച്ച് നഗരത്തിലെ നിയമത്തിന് വിരുദ്ധമായി ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് വീട് നല്‍കുന്നതിനായി ലിസ്റ്റ് ചെയ്തതാണ് കാരണമായത്. വീട് വാടകയ്ക്ക് നൽകുന്നതിനു പിഴയായി കാതറിന് മൂന്നുലക്ഷത്തോളം രൂപ അടച്ചു. തുടർന്ന് ദീർഘകാലത്തേക്ക് വീട് വാടകയ്ക്ക് നൽകാൻ തീരുമാനിച്ചപ്പോൽ വീട് ഒന്നു പെയിന്റടിച്ച് ഭംഗിയാക്കാമെന്നും കരുതി.

എന്നാൽ കണ്ണുകളെ അലോസരപ്പെടുത്തുന്ന പെയിന്റാണ് കാതറിന്‍ വിടിന് നൽകിയതെന്നും തങ്ങളോടുള്ള പ്രതികാരത്തിനായാണ് ഇങ്ങനെ നൽകിയതെന്നും അയൽക്കാർ പരാതിയുമായി എത്തി. വീടിന്റെ ചുമരില്‍ ഇമോജികള്‍ ചിത്രീകരിച്ചത് തങ്ങളെ കളിയാക്കുന്നതിന്റെ ഭാഗമായാണെന്നും അവർ ആരോപിച്ചു. തമാശ കലർന്ന ചിരിയോടെയുള്ള ഇമോജിയും വായയ്ക്കു മുകളിൽ സിപ് ചെയ്ത വിധത്തിലുള്ള ഇമോജിയുമാണ് ചുമരിൽൽ ഉണ്ടായിരുന്നത്. എന്നാൽ താൻ കലയെ സ്‌നേഹിക്കുന്നയാളും ഇമോജികള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവയുമാണെന്നാണ് കാതറിന്റെ വാദം. ഈ വീട് കാരണം തങ്ങളുടെ പ്രദേശത്തെ സ്ഥലത്തിന്റെ മൂല്യം ഇടിയുന്നുവെന്നും അയൽക്കാർ പരാതിപ്പെട്ടു

വിവാദ വീട് ഓൺലൈനിൽ തരംഗമായതോടെ വീട്ടിലേക്ക് സന്ദർശകരും ഒഴുകിത്തുടങ്ങി. വിനോദസഞ്ചാരികളുടെ വരവ് വർദ്ധിച്ചതോടെ അയൽക്കാർ വീണ്ടും പരാതികളുമായി രംഗത്തെത്തി. ഇതോടെയാണ് വീട് വില്‍പനയ്ക്ക് വെക്കാൻ കാതറിൻ തീരുമാനിച്ചത്. ഒന്നും രണ്ടുമല്ല പന്ത്രണ്ടുകോടിയോളം രൂപയ്ക്കാണ് വീട് വില്‍പനയ്ക്കു വച്ചിരിക്കുന്നത്. ഒമ്പതുകോടിയോളം മുടക്കിയാണ് കാതറിൻ മാർച്ചിൽ ഈ വീട് സ്വന്തമാക്കിയത്.