cpm

തിരുവനന്തപുരം: പാർട്ടിയുടെ ജനകീയ അടിത്തറ തകരാതിരിക്കാനുള്ള നിർദ്ദേശങ്ങളുമായി സി.പി.എം. തെറ്റുതിരുത്തലിന്റെ ഭാഗമായുള്ള രേഖയ്ക്ക് സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. ജനങ്ങളോടുള്ള ബന്ധം മെച്ചപ്പെടുത്താൻ നേതാക്കൾപ്രവർത്തന പ്രസംഗശൈലികൾ മാറ്റാൻ തയ്യാറാകണം. ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുതെന്നും നിർദ്ദേശമുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നോട്ടു പോകാനാകൂ. സംഘടനാ തലത്തിൽ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താൻ സമഗ്ര നിര്‍ദ്ദേശങ്ങളുമായി പ്രവർത്തന റിപ്പോർട്ടിന്റെ കരട് രേഖയ്ക്കും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ തിരിച്ചടിക്ക് ശേഷം നിശ്ചയിച്ച ഗൃഹസന്ദർശന പരിപാടി പൂർണമായി വിജയിച്ചില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പല സ്ഥലങ്ങളിലും വീഴ്ച സംഭവിച്ചു. ഗൃഹസന്ദർശനങ്ങൾ തുടരും. വിശ്വാസം സംബന്ധിച്ച് സ്ത്രീകളെ കേന്ദ്രീകരിച്ച് നിലപാട് വിശദീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. ഭരണ നേട്ടങ്ങൾ താഴേ തട്ടിലേക്ക് എത്തിക്കാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ രേഖ നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യും