sacred-games

നെറ്റ്ഫ്ലിക്സിലെ ജനപ്രിയ പരമ്പരയാണ് സേക്രഡ് ഗെയിംസ്. നിരവധിപേരാണ് സേക്രഡ് ഗെയിംസ് കാണുന്നത്. എന്നാൽ ഇതൊന്നുമറിയാത്ത ഒരു പാവം പ്രവാസി മലയാളിക്ക് സേക്രഡ് ഗെയിംസ് രണ്ടാം ഭാഗം കൊടുത്തത് എട്ടിന്റെ പണി. യു.എ.ഇയിലുള്ള മലയാളി യുവാവ് കുഞ്ഞബ്ദുള്ള സി.എം.ആണ് സേക്രഡ് ഗെയിംസ് കാരണം പൊറുതിമുട്ടി ഇരിക്കുന്നത്.

സേക്രഡ് ഗെയിംസ് രണ്ടാം ഭാഗത്ത് കാണിക്കുന്ന ഒരു ഫോൺ നമ്പറാണ് എല്ലാറ്റിനും കാരണം. പരമ്പരയുടെ ഒരു സീനിൽ കാണിക്കുന്ന ഫോൺ നമ്പർ കുഞ്ഞബ്ദുള്ളയുടേതാണ്. സ്‌ക്രീനിൽ എഴുതി കാണിച്ച ഈ നമ്പറിലേക്ക് ദിനംപ്രതി വരുന്നത് നിരവധി ഫോൺ കോളുകളും. പാതിരാത്രിയിലും തന്റെ ഫോണിലേക്ക് കോളുകൾവരുന്നതായി കുഞ്ഞബ്ദുള്ള പറയുന്നു.

സേക്രഡ് ഗെയിംസിലെ ഗ്യാങ്സ്റ്റർ കഥാപാത്രമായ സുലൈമാൻ ഈസയുടേതെന്ന രീതിയിൽ കാണിക്കുന്ന ഫോൺ നമ്പർ 37 കാരനായ കുഞ്ഞബ്ദുള്ളയുടേതാണ്. എന്താണ് സേക്രഡ് ഗെയിംസ് എന്ന് പോലും അറിയാത്ത തന്നെ തേടി നിരവധി ഫോൺ കോളുകള്‍ എത്താന്‍ തുടങ്ങിയതോടെ ഈ ഫോൺനമ്പർ തന്നെ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞബ്ദുള്ള.

കഴിഞ്ഞ ഞായറാഴ്ച മാത്രം തനിക്ക് കിട്ടിയത് 30 ഫോൺ കോളുകളാണെന്ന് കുഞ്ഞബ്ദുള്ള പറയുന്നു. ഫോണിന്റെ ബാറ്ററി തീരുകയാണ്. കഴിഞ്ഞ ഒരു മണിക്കൂറിനിടെ അഞ്ച് ഫോൺ കോളുകൾ വന്നു. ഈസയ്ക്ക് ഫോണ്‍ കൊടുക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. സഹികെട്ട് ഫോണ്‍ ഓപ്പറേറ്റർമാരെ പോലും ബന്ധപ്പെട്ടു. ഈ നമ്പര്‍ തന്നെ ഉപേക്ഷിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് കുഞ്ഞബ്ദുള്ള പറയുന്നു. ആരാണ് ഈസ? തനിക്ക് അയാളെ അറിയില്ലെന്നും കുഞ്ഞബ്ദുള്ള നിസഹായനായി പറയുന്നു.

ഗ്യാങ്സ്റ്റർ ഈസയുടെ നമ്പർഎന്ന് പറഞ്ഞ് മറ്റൊരു കഥാപാത്രം കൈമാറുന്ന ചെറിയ കടലാസ് തുണ്ടിലാണ് കുഞ്ഞബ്ദുള്ളയുടെ നമ്പർ ഉള്ളത്. കടലാസ് തുണ്ടിൽ നമ്പര്‍ കാണിക്കുന്നില്ല. എന്നാൽ, അത് കൈമാറുന്ന സമയത്ത് സ്‌ക്രീനിൽ ഒരു ഫോൺനമ്പര്‍ എഴുതി കാണിക്കുന്നുണ്ട്. ആ നമ്പറാണ് കുഞ്ഞബ്ദുള്ളയുടേത്. ഇതിലേക്കാണ് സേക്രഡ് ഗെയിംസ് ആരാധകർഫോണ്‍ ചെയ്തുകൊണ്ടിരിക്കുന്നത്.