ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റി കാമ്പസിന് പുറത്ത് സവർക്കറുടെ പ്രതിമ സ്ഥാപിച്ച് എ.ബി.വി.പി. സവർക്കർക്കൊപ്പം സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് എന്നിവരുടെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിന് ദിവസങ്ങൾശേഷിക്കെയാണ് എ.ബി.വി.പി പ്രതിമകൾസ്ഥാപിച്ചിരിക്കുന്നത്. കാമ്പസ് അധികൃതരുടെ അനുമതി ഇല്ലാതെയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയും ഇടത് വിദ്യാർത്ഥി സംഘടനയും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ക്യാംപസിലെ ഗേറ്റിന് പുറത്താണ് പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി തേടി നിരവധി തവണ കോളേജ് അധികാരികളെ സമീപിച്ചു എന്നും അനുമതി ലഭിക്കാതെ വന്നതോടെയാണ് പ്രതിമ സ്ഥാപിച്ചതെന്നും കോളേജ് എ.ബി.വി.പി അദ്ധ്യക്ഷൻ ശക്തി സിംഗ് പറഞ്ഞു. പ്രതിമ നീക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എ.ബി.വി.പി വ്യക്തമാക്കി.
കോണ്‍ഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു പ്രതിമ സ്ഥാപിച്ചതിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ പ്രതിമ നീക്കിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ദേശീയ വിദ്യാർത്ഥി യൂണിയൻ പറഞ്ഞു. ഭഗത് സിംഗിനും സുഭാഷ് ചന്ദ്രബോസിനും ഒപ്പം സവർക്കറുടെ പ്രതിമ വയ്ക്കാൻ അനുവദിക്കില്ലെന്നാണ് എൻ.എസ്.യു പറയുന്നത്.