litearture-

കന്യാസ്ത്രീകളുടെ പ്രശ്നങ്ങൾ സമകാലിക സമൂഹത്തിൽ വാർത്തയാകുമ്പോൾ നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രസിദ്ധികീരിച്ച ഒരു നോവൽ ഇതിവൃത്തമാക്കിയതും ഒരുകന്യാസ്ത്രീയുടെ ജീവിതമായിരുന്നു. കന്യാസ്ത്രീയാക്കാൻ രക്ഷിതാക്കൾ കന്യാമഠത്തിലേക്ക് നിർബന്ധിച്ചയച്ച നിസഹായയായ ഒരു പെൺകുട്ടിയുടെ ദാരുണമായ കഥയാണ് ദെനി ദീദ്‌റോയുടെ 'ഒരു കന്യാസ്ത്രീയുടെ ഓർമ്മക്കുറിപ്പുകൾ'. ഫ്രഞ്ചുഭാഷയിൽ 1760ൽ എഴുതപ്പെട്ട് 1796ലാണ് ഇതാദ്യമായി പ്രസിദ്ധീകരിച്ചത്.

സ്ത്രീധനം നൽകാൻ കഴിയാത്തതുകൊണ്ടോ മകൾക്ക് സൗന്ദര്യമില്ലെന്ന കാരണംകൊണ്ടോ ജാരസന്തതിയാണെന്ന കാരണത്താലോ മാന്യരായ രക്ഷിതാക്കൾ അവളെ കന്യാമഠത്തിലേക്കയച്ച് കന്യാസ്ത്രീയാക്കുകയായിരുന്നു 18-ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ നിലനിന്നിരുന്നത്. ദീദ്‌റോയുടെ ഒരു കന്യാസ്ത്രീയുടെ ഓർമ്മക്കുറിപ്പിൽ നായികയായ സൂസന്ന തിരുവസ്ത്രമണിയാൻ നിർബന്ധിക്കപ്പെട്ടവളാണ്. സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നതാണ് അവളുടെ അവകാശവാദം നിഷ്‌കളങ്കയായ ഒരു യുവതിയെ അവളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി കന്യാസ്ത്രീയാക്കി മാറ്റിയതിനെക്കുറിച്ചാണ് നോവൽ പറയുന്നത്.

the-nun


ദീദ്‌റോയുടെ നോവലിൽ ഭാവനയ്ക്കൊപ്പം ആത്മകഥാംശവും ഉള്ളതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. മുപ്പതു വയസ്സുള്ള ദീദ്‌റോയെ പിതാവ് പുരോഹിതനാക്കാൻ ശ്രമിച്ചിരുന്നു. ആശ്രമത്തില്‍ പൂട്ടിയിടപ്പെട്ട ദീദ്‌റോ ഒരു മാസത്തിനുശേഷം അവിടെനിന്നു രക്ഷപ്പെട്ട് തന്റെ കാമുകിയെ വിവാഹം കഴിച്ചു. ഇതിനിടെ, തിരുവസ്ത്രം സ്വീകരിച്ച ഇദ്ദേഹത്തിന്റെ നാലാമത്തെ സഹോദരി ആഞ്ജലിക്ക ഭ്രാന്തുപിടിച്ച് കന്യാമഠത്തിൽവെച്ചു മരിച്ചു.


ദി നൺ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഒരു കന്യാസ്ത്രീയുടെ ഓർക്കുറിപ്പുകൾ തുടക്കത്തിലേ ഗംഭീരവിജയമായിരുന്നു. പതിനാലു വ്യത്യസ്ത പതിപ്പുകളിലായി 1796നും 1800നും ഇടയില്‍ ഫ്രാൻസില്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. 1789ലെ ഫ്രഞ്ചുവിപ്ലവത്തെത്തുടർന്നുണ്ടാ നവീനാശയങ്ങൾ നോവലിന് പരക്കേ സ്വീകാര്യത ലഭിക്കാന്‍ ഇടയാക്കി.


എന്നാൽ നോവലിനെ ഒരുവിഭാഗം ശക്തമായി എതിർത്തു. നോവൽ മതവിരുദ്ധമായും അശ്ലീലമായും സദാചാരപരമായി ദുഷിപ്പിക്കുന്നതായും മുദ്രകുത്തപ്പെട്ടു. 1824ലും 1826ലും ഇതൊരു അശ്ലീലകൃതിയാണെന്നു വിധിയെഴുതി നിരോധിച്ചു. എന്നാൽ നോവലിന്റെ പ്രചാരം വർദ്ധിക്കാനേ നിരോധനം ഉപകരിച്ചുള്ളൂ. 1880കളിൽ പൗരോഹിത്യാധികാര വിരുദ്ധപ്രസ്ഥാനത്തിന് നോവൽ പുതിയൊരു അനുകൂലാന്തരീക്ഷം സൃഷ്ടിച്ചു.


ഒരു ദൈവവിളിയുമില്ലാതെ കന്യാസ്ത്രീയായിത്തീരാനുള്ള കുടുംബസമ്മർദത്തിന്റെ വേദനിപ്പിക്കുന്ന ഇരയായ സൂസന്നയുടെ കണ്ണുകളിലൂടെയാണ് വായനക്കാരന് എല്ലാം വെളിപ്പെടുന്നത്. ഒരു വ്യക്തിയുടെe ആഗ്രഹങ്ങൾക്കെതിരായി തജീവിതത്തിലേക്കു പ്രവേശിക്കുന്ന ആ വ്യക്തിയെ പീഡിപ്പിക്കുന്നതിനെയും അടിച്ചമർത്തുന്നതിനെയും ദീദ്‌റോ അപലപിക്കുന്നുണ്ട്.

നോവലിൽ സത്യസന്ധമായ മതസമർപ്പണത്തിനുള്ള ഉദാഹരണങ്ങൾ വേണ്ടുവോളം കാണം. തന്റെ കഷ്ടപ്പാടുകളുടെ മൂർധന്യത്തിലാണ് 'ക്രൈസ്തവമതമായിരുന്നു ലോകത്തിലെ മറ്റെല്ലാ മതങ്ങളെക്കാളും ഉത്കൃഷ്ടം' എന്ന് അവൾക്ക് തോന്നുന്നത്.

നോവലിലെ കഥാനായികയായ സൂസന്ന താമസിച്ച മൂന്നു കന്യാസ്ത്രീമഠങ്ങളിൽ ഒന്നാമത്തേതിൽ അവൾകാണാനിടയായ ഭ്രാന്തിയായ ഒരു കന്യാസ്ത്രീയുടെ ഭീകരദൃശ്യം, തിരുവസ്ത്രമണിയാൻ താൻ അന്തിമപ്രതിജ്ഞയെടുക്കുകയില്ലെന്ന ദൃഢമായ തീരുമാനത്തിൽ അവളെ എത്തിക്കുന്നു. ഈ കന്യാസ്ത്രീയുടെ ദുർവിധി സൂസന്നയുടെ ഒടുവിലത്തെ കന്യാമഠത്തിലെ സ്വവർഗാനുരാഗിയായ മദർ സുപ്പീരിയറിന്റെ ഭ്രാന്തിന്റെ ഒരു മുന്നോടിയായാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. നോവലിലെ എല്ലാ മദർ സുപ്പീരിയർമാരും തന്നിലേക്കുതന്നെ പിൻവലിഞ്ഞവരാണ്.

ദീദ്‌റോയുടെ ഓർമ്മക്കുറിപ്പുകൾ ഭാഗികമായിട്ടാണെങ്കിലും സ്ത്രീജനങ്ങളെ ഇക്കിളിപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഒരു സ്വവർഗാനുരാഗ അശ്ലീലസാഹിത്യമാണെന്ന വിമർശനം നിലവിലുണ്ട്. അസ്വാഭാവികമായ ഏകാന്തജീവിതം നയിക്കുന്നതിന്റെ മാനസികവും ശാരീരികവുമായ ഭീകര പാർശ്വഫലങ്ങൾ എന്ന നിലയിൽ അനായാസമായിട്ടാണ് സ്ത്രീകളുടെ സ്വവർഗാനുരാഗത്തെ അവതരിപ്പിക്കുന്നത്. ഭ്രാന്തിനും പരപീഡനത്തിൽ ക്രൂരമായ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയ്ക്കും തുല്യമായാണ് സ്വവർഗാനുരാഗത്തെ ചിത്രീകരിക്കുന്നത്.

നോവലിന്റെ അവസാനത്തിൽല്‍ ഒരു ബെനെഡിക്ടിന്‍ പുരോഹിതൻ കന്യാമഠം ചാടിപ്പോരുന്ന സൂസന്നയെ ബലാത്സംഗം ചെയ്യാൻശ്രമിക്കുന്നുണ്ട്. സന്ന്യാസാശ്രമജീവിതത്തിന് ലൈംഗികമായി ഹാനിവരുത്തുന്ന ഫലങ്ങളുടെ അധികത്തെളിവായി ഈ സംഭവത്തെ കാണാവുന്നതാണ്. സമൂഹത്തിൽ സ്ത്രീകളുമായി സാധാരണബന്ധം ആസ്വദിക്കാന്‍ പുരോഹിതന് കഴിഞ്ഞിരുന്നെങ്കിൽ അയാൾസൂസന്നയെ ബലാത്സംഗം ചെയ്യാൻ തുനിയില്ലായിരുന്നു.

എന്നാൽ സ്ത്രീകളുടെ സ്വവർഗാനുരാഗത്തിനെതിരായ അസന്ദിഗ്ധമായ ഒരാക്രമണമാണ് നോവൽ എന്നു പറയാനാവില്ല. സ്വവർഗപ്രണയത്തിന്റെ ആനന്ദകരവും സൗഖ്യദായകവുമായ ഒരഭയസ്ഥാനമാണ് സൂസന്ന താമസിച്ച മൂന്നാമത്തെ കന്യാമഠം. മദർ സുപ്പീരിയറിന്റെ രതിമൂർച്ഛ സൂക്ഷ്മതയോടെയും അനുഭാവപൂർവവും അവതരിപ്പിച്ചിരിക്കുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. സൂസന്നയോട് അതിക്രൂരമായി പെരുമാറിയ രണ്ടാമത്തെ മദർ സുപ്പീരിയറിനെക്കാള്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നത് ഇവരാണ്. ഇവർക്ക് ഭ്രാന്താവുകയും കന്യാമഠത്തിലെ സമാധാനാന്തരീക്ഷം താറുമാറാവുകയും ചെയ്യുന്നു.

ഒരു കുമ്പസാരകന്റെ രൂപത്തിൽ സഭ ഇടപെട്ട്, സ്ത്രീകൾ തമ്മിലുള്ള അതിരുവിട്ട അടുപ്പം പാപമാണെന്ന് സൂസന്നയോടു പറയുന്നു. യുവതികളെ കന്യാസ്ത്രീകളാകാൻ നിർബന്ധിക്കുന്നതിനു മാത്രമല്ല, അവരുടെ ലൈംഗികവാസനകളെ അടിച്ചമർത്തുന്നതിനുകൂടി ക്രൈസ്തവസഭ വിമർശനത്തിനു വിധേയമാകുന്നുണ്ട് .

നായികയുടെയും മറ്റു കഥാപാത്രങ്ങളുടെയും ആത്മസംഘര്‍ഷം കഥാനായികയുടെ വാക്കുകളിലൂടെയാണ് ചിത്രീകരിക്കുന്നത് ഒരു കന്യാസ്ത്രീയുടെ ഓർമക്കുറിപ്പുകള്‍ പതിനെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാണെങ്കിലും ഒരാധുനികനോവലിന്റെ ഘടന ഇതിൽ കാണാം. ഈ നോവല്‍ ഒരൊറ്റ അധ്യായമായാണ് ദീദ്‌റോ രചിച്ചിരിക്കുന്നത്. വായനാസുഖത്തിനുവേണ്ടി ഇതിനെ വിവർത്തകൻ വെവ്വേറെ അധ്യായങ്ങളായി തിരിച്ചിരിക്കുന്നു.