lucy-

വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പി.ആർ.ഒ ഫാദർ നോബിൾ പാറയ്ക്കലിനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തു. സിസ്റ്റർ ലൂസി നൽകിയ പരാതിയിലാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപവാദപ്രചാരണം നടത്തി, അപകീർത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദർ. നോബിൾ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്.

മദർ സുപ്പീരിയർ ഉൾപ്പെടെ ആറുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസുമായി ബന്ധപ്പെട്ട് സിസ്റ്റർ ലൂസിയുടെ മൊഴി ഉടൻ സ്വീകരിക്കുമെന്ന് വെള്ളമുണ്ട പൊലീസ് വ്യക്തമാക്കി.വാർത്തശേഖരണവുമായി ബന്ധപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുരയെ കാണാൻ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവർത്തകർ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പി.ആർ.ഒയും വൈദികനുമായ ഫാദർ നോബിൾ തോമസ് പാറക്കൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.


വീഡിയോയിൽ സിസ്റ്റർ ലൂസി മഠത്തിന്റെ പിൻവാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങൾ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിസ്റ്റർ ലൂസിയെ കാണാനെത്തിയവരിൽ ഒരാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. അവരുടെ ദൃശ്യങ്ങൾ കട്ട് ചെയ്ത് കളഞ്ഞ് പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.

''എന്നെ അപമാനിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മാനന്തവാടി പിആർഒയായ ഫാ. നോബിൾ തോമസ് പാറയ്ക്കലിന് മഠത്തിലെ സിസിടിവി ദൃശ്യങ്ങൾ നൽകിയത് സിസ്റ്റർ ലിജി മരിയയും ജ്യോതി മരിയയും ചേർന്നാണ്. എന്നെ കാണാൻ വന്ന സുഹൃത്തുക്കളായ മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. എന്റെ സ്ത്രീത്വത്തെയാണ് അദ്ദേഹം തെരുവിലിട്ട് പിച്ചിച്ചീന്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇത്തരം നടപടികൾ തുടങ്ങിയിട്ട്. കന്യാസ്ത്രീയായ എന്നോടിതുപോലെയാണ് ഇവർ പെരുമാറുന്നതെങ്കിൽ മറ്റ് സ്ത്രീകളെ ഇവരെന്തെല്ലാം ചെയ്യും?'', സിസ്റ്റർ ലൂസി ചോദിക്കുന്നു.

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. പൊലീസ് മഠത്തിലെത്തിയാണ് വാതിൽ തുറപ്പിച്ചത്. കുർബാനയ്ക്ക് പോകുന്നത് തടയാനാണ് പൂട്ടിയിട്ടതെന്ന് സിസ്റ്റർ ലൂസി ആരോപിച്ചു. സംഭവത്തിൽ കേസ് എടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു. കാരയ്ക്കാമല മഠത്തിലാണ് സിസ്റ്റർ ലൂസി താമസിക്കുന്നത്. മഠത്തിനോട് ചേർന്നുള്ള പള്ളിയിലാണ് കുർബാനയ്ക്കായി പോകുന്നത്. ഇത് തടയാനാണ് തന്നെ പൂട്ടിയിട്ടതെന്ന് സിസ്റ്റർ ലൂസി പറയുന്നു. രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നുവെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.