പ്രമേഹരോഗികൾ പാദസംരക്ഷണത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. പാദങ്ങളിലുണ്ടാകുന്ന ഉരവ്, ചതവ്, മുറിവ് എന്നിവ ഗുരുതരമായേക്കാം. പ്രമേഹരോഗത്തിന്റെ പഴക്കം മൂലം പാദങ്ങളിലെ ഞരമ്പുകളുടെ പ്രവർത്തനശേഷി കുറയാറുണ്ട്. ഇതുമൂലം രക്തയോട്ടവും സ്പർശനശേഷിയും കുറഞ്ഞേക്കാം. ഇങ്ങനെയുള്ളപ്പോൾ വേദനയില്ലാത്തതു കാരണം ചെറിയ മുറിവുകൾ പലരും അവഗണിക്കാറുണ്ട്. ഇത് മുറിവ് വ്രണമാകാനും പഴുപ്പ് കയറാനുമുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു
.
പ്രമേഹ നിയന്ത്രണമാണ് പാദസംരക്ഷണത്തിന് പരമപ്രധാനം. രക്തത്തിലെ ഗ്ലൂക്കോസ് ഭക്ഷണത്തിനു മുൻപ് 100, ഭക്ഷണത്തിനു ശേഷം 150 എന്ന അളവിൽ നിയന്ത്രിക്കുക. മൃദുവായതും നിലവാരമുള്ളതുമായ പാദരക്ഷകൾ ഉപയോഗിക്കുക. പുറത്തു മാത്രമല്ല, വീടിനുള്ളിലും ചെരിപ്പ് ധരിക്കുക. രാത്രികാലങ്ങളിൽ സോക്സ് ധരിക്കുന്നതും നല്ലതാണ്. പാദങ്ങൾ വൃത്തിയായി സൂക്ഷിക്കുക. നഖം വെട്ടാൻ ബ്ളേഡിന് പകരം നെയിൽ കട്ടർ ഉപയോഗിക്കുക. പാദങ്ങളും ശരീരവും വൃത്തിയാക്കാൻ പരുക്കനായ ബോഡി സ്ക്രബ് ഉപയോഗിക്കരുത്. മൃദുവായ ഇഞ്ചയാണ് നല്ലത്.