chitambaram

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ രാവിലെ 10.30 വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോട് മുൻ ധനമന്ത്രി പി.ചിദംബരം. അഭിഭാഷകൻ മുഖേനയാണ് അദ്ദേഹം ഇക്കാര്യം സി.ബി.ഐയെ അറിയിച്ചത്.


ഇന്ന് രാവിലെ 10.30 നാണ് സുപ്രീം കോടതി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹർജി പരിഗണിക്കുന്നത്. അതേസമയം കേസിൽ ചോദ്യം ചെയ്യാൻ സി.ബി.ഐ സംഘം വീണ്ടും ചിദംബരത്തിന്റെ വീട്ടിലെത്തി. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയതിന് തൊട്ടുപിന്നാലെ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റും ചിദംബരത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയെങ്കിലും അദ്ദേഹം ഇല്ലാത്തതിനാൽ മടങ്ങിപ്പോവുകയായിരുന്നു.


ഹൈക്കോടതി ഉത്തരവിനെതിരെ ഇന്നലെത്തന്നെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി ഇന്ന് സമർപ്പിക്കാൻ രജിസ്ട്രാർ നിർദ്ദേശിച്ചു. 2018 ജൂലായ് 25 മുതൽ അനുവദിച്ച ഇടക്കാല ജാമ്യമാണ് കോടതി നീക്കിയത്. ചിദംബരത്തെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് സുനിൽ ഗൗർ മുൻകൂർ ജാമ്യം നിഷേധിച്ചത്.

ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സി.ബി.ഐയും എൻഫോഴ്സ്‌മെന്റും കോടതിയെ അറിയിച്ചിരുന്നു. ജനുവരി 25നാണ് ഹർജിയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. ഇതേ കേസിൽ നേരത്തേ സി.ബി.ഐ അറസ്റ്റ് ചെയ്‌ത ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഇപ്പോൾ ജാമ്യത്തിലാണ്.