red-119

എം.എൽ.എ ശ്രീനിവാസ കിടാവിന്റെ അരുകിൽ നിന്ന് ചന്ദ്രകലയും പ്രജീഷും പോയത് നിലമ്പൂർ 'മഹാറാണി സിൽക്‌സി'ലേക്കാണ്.

ഇരുവർക്കും ആവശ്യമായ തുണിത്തരങ്ങൾ അവിടെ നിന്നെടുത്തു.

പിന്നെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു.

ഇരുവരും വലിയ സന്തോഷത്തിലായിരുന്നു. എത്രയും പെട്ടെന്ന് ഇവിടം വിടാൻ കഴിയുമല്ലോ...

നാളെ പിന്നെ ഒന്നിനും സമയം ഉണ്ടാവില്ല. അതിനാൽ അത്യാവശ്യം വേണ്ടതൊക്കെ ഇന്നു തന്നെ വാങ്ങണം.

''എന്നാലും മതിപ്പുവിലയേക്കാൾ നേർപകുതി കുറവെന്നു പറയുമ്പോൾ..."

ഹോട്ടലിൽ നിന്നിറങ്ങി കാറിലേക്കു കയറുന്നതിനിടയിൽ പ്രജീഷ് മന്ത്രിച്ചു.

ചന്ദ്രകല തല തിരിച്ച് അയാളെ ഒന്നു നോക്കി:

''സമ്മതിക്കുകയല്ലാതെ പിന്നെ നമ്മുടെ മുന്നിൽ എന്ത് മാർഗ്ഗമാ പ്രജീഷേ ഉള്ളത്? ഈ അൻപത് കോടി എന്നു പറഞ്ഞാൽത്തന്നെ അത് നമ്മൾ അദ്ധ്വാനിച്ച് ഉണ്ടാക്കിയതല്ലല്ലോ?"

''അത് നേരാ."

പ്രജീഷ് കാർ സ്റ്റാർട്ടു ചെയ്തു. ടൗണിൽ നല്ല തിരക്കായിരുന്നു.

പ്രജീഷ് കാർ മെല്ലെ മുന്നോട്ടെടുത്തു.

ചന്ദ്രകല തുടർന്നു:

''മറ്റാർക്കും നമ്മൾ ഇതൊന്നും വിൽക്കാൻ ശ്രമിക്കില്ല എന്ന് കിടാവ് സാറിനു നല്ല വിശ്വാസമുണ്ട്. അതാ അയാള് അവസരത്തിനൊത്ത് പെരുമാറിയത്. മാത്രമല്ല, നമ്മുടെ പ്രാണനേക്കാൾ വലുതൊന്നുമല്ലല്ലോ മറ്റെന്തും?"

പ്രജീഷിന് അതും സമ്മതിക്കേണ്ടിവന്നു.

ചന്ദ്രകല പിന്നെയും പറഞ്ഞു:

''നൂറുകോടി കിട്ടിയാലും നമ്മൾ മരിച്ചുപോകുകയാണെങ്കിൽ പിന്നെ അതുകൊണ്ട് എന്തു പ്രയോജനം?"

പ്രജീഷ് കൈ നീട്ടി അവളുടെ കരതലത്തിൽ ഒന്നമർത്തി.

''നീ ബുദ്ധിമതിയാണു കലേ... നിന്നെ കിട്ടിയതു തന്നെ എന്റെ ഏറ്റവും വലിയ ഭാഗ്യം."

ചന്ദ്രകല ചിരിച്ചു.

''നമുക്കൊരു സിനിമ കണ്ടാലോ... ഇനി ഈ നാട്ടിലെ സിനിമാ തിയേറ്ററൊക്കെ നമുക്ക് അന്യമാകുകയല്ലേ?"

''ഒക്കെ നിന്റെ ഇഷ്ടം പോലെ..." അയാൾ കാർ, 'നിലമ്പൂർ ജ്യോതി' തിയേറ്ററിലേക്കു വിട്ടു.

അവിടെയൊരു തമിഴ് സിനിമയായിരുന്നു. ഇരുവരും മാറ്റിനിക്കു കയറി.

തിയേറ്ററിൽ ജനം കുറവായിരുന്നു...

ബാൽക്കണിയിൽ അവർ പരസ്പരം ചേർന്നിരുന്നു.

പ്രജീഷ് തന്റെ ഇടതുകരം കൊണ്ട് അവളുടെ അരയിൽ ചുറ്റിപ്പിടിച്ചിരുന്നു.

സിനിമ കഴിഞ്ഞപ്പോൾ അഞ്ചുമണി.

രാത്രി കഴിക്കാനുള്ള പാഴ്‌സലും വാങ്ങിയാണ് അവർ വടക്കേകോവിലകത്തേക്കു മടങ്ങിയത്.

അവിടെ എത്തിയ ഉടനെ അടുത്ത ദിവസം തങ്ങൾക്കു കൊണ്ടുപോകേണ്ട സാധനങ്ങളൊക്കെ പായ്ക്കു ചെയ്യാൻ തുടങ്ങി.

ഒരു കറുത്ത കുട കോവിലകത്തിനു ചുറ്റും കമിഴ്‌ത്തപ്പെട്ടതുപോലെ എങ്ങും ഇരുൾ പരന്നു.

ചന്ദ്രകല കോവിലകത്തിനുള്ളിലെയും പുറത്തെയും എല്ലാ ലൈറ്റുകളും ഓൺ ചെയ്തു.

''ഇവിടത്തെ അവസാനത്തെ രാത്രി..." പ്രജീഷിന്റെ കാതിൽ അവൾ മന്ത്രിച്ചു. ''വെളിച്ചത്തിൽ പ്രേതങ്ങൾ വരില്ലെന്നു കേട്ടിട്ടുണ്ട്. അതിനാൽ ഈ രാത്രിയിൽ ലൈറ്റുകൾ ഒന്നും അണയ്ക്കുന്നില്ല. ഇന്നു നമുക്ക് സ്വസ്ഥമായി ഉറങ്ങണം."

പ്രജീഷ്, അലമാര തുറന്ന് 'കോണിയാക്കി'ന്റെ ഒരു ബോട്ടിൽ എടുത്തു.

തുരുതുരെ രണ്ട് പെഗ്ഗുകൾ അകത്താക്കി.

ചന്ദ്രകലയും ഒരു പെഗ്ഗ് കഴിച്ചു.

''ഇനി ഭക്ഷണം കഴിച്ച് നേരത്തെ കിടക്കാം."

ചന്ദ്രകല എഴുന്നേറ്റു.

അവർക്കൊപ്പം പ്രജീഷും ചെന്നു.

എന്നാൽ...

തീൻ മുറിയിലെത്തിയ ഇരുവരും സ്തബ്ധരായി!

പാഴ്‌സൽ കൊണ്ടുവന്നതിന്റെ കവർ മാത്രം അവിടെ കിടപ്പുണ്ട്. അതിനുള്ളിൽ ഉണ്ടായിരുന്ന തന്തൂരി പൊറോട്ടയും ചിക്കൻ ഫ്രൈയും കാണാനില്ല...!

''ങ്‌ഹേ? അതെവിടെപ്പോയി?" ഇരുവരും കണ്ണുകൾ കൊണ്ട് ചുറ്റുമുഴുഞ്ഞു.

അറിയാതെ ഒരു ഭീതി ചന്ദ്രകലയുടെ നട്ടെല്ലിലൂടെ അരിച്ചുകയറുവാൻ തുടങ്ങി.

''പ്രജീഷ്....."

അവൾ എന്തോ പറയുവാൻ ഭാവിക്കുകയായിരുന്നു...

പെട്ടെന്നു കണ്ടു, നടുമുറ്റത്തു നിന്ന് പുകയുയരുന്നു.

വെളുത്ത പുക.

അത് അണലി അക്‌ബറെ കുഴിച്ചിട്ടതിന്റെ തൊട്ടു മുകളിൽ നിന്നാണെന്നും കണ്ടു.

ചന്ദ്രകല വിറച്ചുതുടങ്ങി.

അവൾ പ്രജീഷിന്റെ കയ്യിൽ അള്ളിപ്പിടിച്ചു.

പുക മഞ്ഞുപോലെ കോവിലകത്തിനുള്ളിൽ വ്യാപിച്ചു തുടങ്ങി.

അതിനൊരു കടുത്ത ഗന്ധം!

കുന്തിരിക്കത്തിന്റെ !

തങ്ങൾ ഒരു ശവപ്പറമ്പിലാണെന്ന് അവർക്കു തോന്നി.

കുന്തിരിക്കം ഒരിക്കലും ഈ കോവിലകത്ത് ഉപയോഗിച്ചിട്ടില്ലെന്ന് ചന്ദ്രകല ഓർത്തു.

പിന്നെ ഇതെങ്ങനെ ഇവിടെ വന്നു?

അവളുടെ ചിന്തയിലേക്ക് നടുക്കം വീഴ്‌ത്തിക്കൊണ്ട് കറണ്ടു പോയി...

പ്രജീഷും ചന്ദ്രകലയും അന്ധകാരത്തിന്റെ ഗർത്തത്തിലായി.

''മമ്മീ...." പൊടുന്നനെ ഒരു ശബ്ദം. പാഞ്ചാലിയുടെ...!

(തുടരും)