ഈ പ്രപഞ്ചത്തിൽ നമ്മൾ താമസിക്കുന്ന ഭൂമിയോടൊപ്പം എണ്ണിയാലൊടുങ്ങാത്ത ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ക്ഷീരപദങ്ങളും ഗ്യാലക്‌സികളും നക്ഷത്രങ്ങളും ഒക്കെയുണ്ടെന്നാണ് കണക്കാക്കുന്നത്. ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിലെ മറ്റൊരിടത്തും ജീവനുണ്ടെന്ന് മനുഷ്യന് ഇതുവരെ തെളിവും ലഭിച്ചിട്ടില്ല. എന്നാൽ പ്രപഞ്ചത്തിലെ ഏതോ ഒരു കോണിൽ നിന്നും അജ്ഞാതമായ ഏതെങ്കിലും വസ്തു ഭൂമിയെ തേടി എത്താൻ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം ഉറപ്പിച്ചുപറയുന്നു. അതൊരുപക്ഷേ ഒരു വാൽനക്ഷത്രമോ, ഉൽക്കയോ, അല്ലെങ്കിൽ അന്യഗ്രഹത്തിൽ നിന്നുള്ള ജീവജാലങ്ങളോ ആകാം. ഇത്തരത്തിൽ എല്ലാ ദിവസവും നിരവധി വസ്തുക്കൾ ഭൂമിയിലേക്ക് എത്താറുണ്ടെന്നതും സത്യമാണ്. പക്ഷേ ഭൂമിയുടെ ആകർഷണ പരിധിക്കുള്ളിൽ പ്രവേശിക്കുന്നതോടെ ഇവയെല്ലാം കത്തിയെരിഞ്ഞ് വെറുംചാരമായാണ് ഭൂമിയിൽ പതിക്കാറ്.
എന്നാൽ ഭൂമിയെ ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞനായ നീൽ ഡിഗ്രാസ് ടൈസൺ. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ വന്നിടിച്ച ഒരുഛിന്നഗ്രഹമാണ് നീലഗ്രഹത്തിൽ ജീവന്റെ വിത്തിട്ടത്, ഇപ്പോൾ മറ്റൊരു ഛിന്നഗ്രഹം ഭൂമിയിലെ ജീവനെടുക്കുമെന്നും തന്റെ പോഡ്‌കാസ്‌റ്റിൽ ടൈസൺ വ്യക്തമാക്കുന്നു. എല്ലാ ദിവസവും ഭൂമിയുടെ ആകർഷണ വലയത്തിലേക്ക് നിരവധി വസ്തുക്കൾ പ്രവേശിക്കാറുണ്ട്. കാണാൻ പോലുമാകാത്ത വലിപ്പമുള്ളതും ഒരു കാറിന്റെ വലിപ്പമുള്ളതുമായ ഉൽക്കകൾ ഇതിൽ പെടും. എന്നാൽ കിലോമീറ്ററുകൾ നീളമുള്ള എന്തെങ്കിലും വസ്തു ഭൂമിയിൽ ഇടിച്ചിറങ്ങിയാൽ അത് ലോകാവസാനമാകുമെന്നാണ് ടൈസന്റെ അഭിപ്രായം.
ഏതാണ്ട് 370 മീറ്റർ വീതിയുള്ള ഒരു ഛിന്നഗ്രഹമാണ് ഇപ്പോൾ ഭൂമിയെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നത്. അപോഫിസ് 99942 എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. കലാപങ്ങളുടെ ഈജിപ്ഷ്യൻ ദൈവത്തിന്റെ പേരാണ് അപോഫിസ്.കാലങ്ങളായി ഭൂമിയെ വലംവയ്‌ക്കുന്ന വസ്തുവാണിത്. 2019 ഏപ്രിൽ 13ന് ഈ ഛിന്നഗ്രഹം ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്ന് 2004ലാണ് കണ്ടെത്തിയത്. ഈ ഛിന്നഗ്രഹം ഇടിച്ചിറങ്ങിയാൽ വലിയ ആപത്തുകൾ സംഭവിക്കുമെന്നും ഭൂമിയിൽ നിന്നും മനുഷ്യജീവൻ തുടച്ചുനീക്കപ്പെടുമെന്നും ടൈസൺ ഉൾപ്പെടെയുള്ള നിരവധി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷേ ഇതിന് വിദൂരസാധ്യത മാത്രമാണ് അന്ന് ശാസ്ത്രലോകം കൽപ്പിച്ചിരുന്നത്. 2029ൽ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ, എന്നാൽ 2036ൽ ഇതിനുള്ള സാധ്യതയുണ്ടെന്ന് പറയുന്നു. 2029ൽ ഭൂമിയുടെ ആകർഷപരിധിക്ക് പുറത്തുകൂടി പോകുന്ന ഛിന്നഗ്രഹം 2036ൽ വീണ്ടും തിരിച്ചുവരുമെന്നും ഇത് ഭൂമിയ്‌ക്ക് ഭീഷണിയാകുമെന്നുമാണ് കണക്കുകൂട്ടൽ.
ഭൂമിയുടെ ആകർഷവലയത്തിൽ മൈലുകൾ നീളത്തിലുള്ള ഒരു വിള്ളൽ ശാസ്ത്രജ്ഞർ കണ്ടെത്തിയതോടെയാണ് ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാകുമെന്ന് ശാസ്ത്രജ്ഞർക്ക് ബോധ്യപ്പെട്ടത്. ഗ്രാവിറ്റേഷണൽ കീ ഹോൾ എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശത്ത് മറ്റിടങ്ങളിലെ പോലെ ഗുരുത്വാകർഷണം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇതുവഴി ഛിന്നഗ്രഹത്തിന് എളുപ്പത്തിൽ പ്രവേശിക്കാം. അങ്ങനെയാണെങ്കിൽ 13 വർഷങ്ങൾ കഴിഞ്ഞ് അമേരിക്കയിലെ സാന്റാമോണിക്കയിലോ പസഫിക് സമുദ്രത്തിലോ ഇടിച്ചിറങ്ങും. ഇതിന്റെ ഫലമായി ഭൂമി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുഭീമൻ സുനാമിയും ഭൂകമ്പവും ഉണ്ടാകും. ഇതെല്ലാം 50 സെക്കൻഡുകൊണ്ട് കഴിയും. ഭൂമിയിൽ മനുഷ്യനുണ്ടാക്കിയതെല്ലാം, വീടുകളും,ഫാക്‌ടറികളും എല്ലാം നിമിഷങ്ങൾകൊണ്ട് കടലെടുക്കും. പിന്നാലെ നിരവധി ഉൽക്കകളും ഛിന്നഗ്രഹങ്ങളും ഭൂമിയിലേക്ക് ഇടിച്ചിറങ്ങും. ഇത് ഒരിക്കലും അവസാനിക്കാത്ത ദുരന്തങ്ങളിലേക്ക് വഴിവയ്‌ക്കും. അതോടെ ഭൂമിയിലെ ജീവിതത്തിന് അവസാനമാകുമെന്നും ടൈസൺ പറയുന്നു.
മുന്നറിയിപ്പുമായി എലൻ മസ്‌കും
അതേസമയം, അപോഫിസ് 99942 ഭൂമിയിലേക്ക് ഇടിച്ചിറങ്ങി സകലതും നശിക്കുമെന്ന് സ്പേസ് എക്‌സ് മേധാവിയായ എലൻ മസ്‌കും മുന്നറിയിപ്പ് നൽകിയതോടെ ശാസ്ത്രലോകം അമ്പരപ്പിലാണ്. ടൈസന്റെ പ്രവചനം പോലെ 2029 ഏപ്രിൽ 13ന് അപോഫിസ് ഭൂമിയിലേക്ക് ഇടിച്ചിറക്കി എല്ലാം നശിക്കുമെന്നും ഇതിൽ നിന്നും രക്ഷപ്പെടാൻ ഒരിക്കലും കഴിയില്ലെന്നും മസ്‌ക് പറയുന്നു.