donald-trump

വാഷിംഗ്ടൺ: കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇത് മതപരവും സങ്കീർണവുമായ വിഷയമാണെന്ന് ട്രംപ് ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'കാശ്മീർ വിഷയത്തിന് മതപരമായി വളരെയേറെ ബന്ധമുണ്ട്. പതിറ്റാണ്ടുകളായി ഒരു ഭാഗത്ത് ഹിന്ദുക്കളും മറുഭാഗത്ത് മുസ്ലീങ്ങളുമാണ്. ഇക്കാര്യത്തിൽ എനിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി ഞാൻ ചെയ്യും. എനിക്ക് ഈ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാനാകും'- ട്രംപ് പറഞ്ഞു.

കാശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നതായി ട്രംപ് കഴിഞ്ഞമാസം പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തിൽ അമേരിക്കയുടെ സഹായം തേടിയിട്ടില്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും വിളിച്ച് ട്രംപ് സംസാരിച്ചിരുന്നു. ജമ്മു കാശ്‌മീർ വിഷയത്തിൽ സംസാരിക്കുമ്പോൾ മാന്യത പുലർത്തണമെന്ന് ഇമ്രാൻ ഖാനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. നരേന്ദ്ര മോദിയുമായി അരമണിക്കൂറോളം ടെലിഫോൺ സംഭാഷണം നടത്തിയതിന് ശേഷമാണ് ട്രംപ് ഇമ്രാൻ ഖാനെ വിളിച്ചത്. കാശ്‌മീർ വിഷയത്തിൽ പാകിസ്ഥാൻ നേതാക്കൾ മാന്യതയില്ലാത്തതും ഇന്ത്യാവിരുദ്ധവുമായ പ്രസ്‌താവനകൾ തുടരുന്നുവെന്ന് മോദി ട്രംപിനോട് പറഞ്ഞിരുന്നു.