governor-kerala-universi

തിരുവനന്തപുരം: ചാൻസലറായ ഗവർണർ ചെന്നൈയിൽ പോകുന്ന ദിവസം നോക്കി കേരള സർവകലാശാല ബിരുദദാന ചടങ്ങ് നടത്തുന്നത് വിവാദത്തിൽ.ഗവർണർ പി.സദാശിവത്തിന് 22ന് ചെന്നൈയിൽ നേരത്തേ നിശ്ചയിച്ച പരിപാടിയുണ്ടായിരിക്കെ, അന്ന് തന്നെ ആസ്‌ട്രോഫിസിക്സ് ശാസ്ത്രജ്ഞൻ ഡോ. ജയന്തൻ നർലേക്കർക്കും ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളായ ക്രിസ് ഗോപാലകൃഷ്ണനും ഓണററി ഡോക്ടറേറ്റ് നൽകാനാണ് തീരുമാനം. ചാൻസലറുടെ അഭാവത്തിൽ പ്രത്യേക ബിരുദദാന സമ്മേളനം സർവകലാശാലയുടെ ചരിത്രത്തിൽ ഇതാദ്യം. ഗവർണർ പി.സദാശിവത്തിന്റെ ഔദ്യോഗിക കാലാവധി സെപ്തംബർ നാലിന് അവസാനിക്കും.

സർവകലാശാല ബിരുദദാന ചടങ്ങിന്റെ തീയതി മാറ്റാതിരുന്നതോടെ, പ്രോ ചാൻസലറായ മന്ത്രി കെ.ടി.ജലീലിനെ ചടങ്ങിലേക്ക് ഗവർണർ ചുമതലപ്പെടുത്തുകയായിരുന്നു. കേരള സർവകലാശാലാ സെനറ്റിലേക്ക് വൈസ് ചാൻസലർ ശുപാർശ ചെയ്ത രണ്ട് സി.പി.എം നേതാക്കളെ ഒഴിവാക്കി, പുറമേ നിന്നുള്ള രണ്ടു പേരെ ഗവർണർ നാമനിർദ്ദേശം ചെയ്തതിനെത്തുടർന്ന് ഗവർണർക്കെതിരെ സി.പി.എം പരസ്യമായി രംഗത്തെത്തിയിരുന്നു. ബിരുദദാന ചടങ്ങിന്റെ സമയമോ, തീയതിയോ മാറ്റിയിരുന്നെങ്കിൽ ഗവർണർക്ക് പങ്കെടുക്കാനാവുമായിരുന്നു. സാധാരണ ഗവർണറുടെ സൗകര്യം പരിഗണിച്ചാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. എന്നാൽ ഓണററി ഡോക്ടറേറ്റ് നൽകുന്ന രണ്ട് പേരെയും ഒരുമിച്ച് കിട്ടാൻ പ്രയാസമായതിനാൽ തീയതി മാറ്റാനാവില്ലെന്ന് സർവകലാശാല നിലപാടെടുത്തു. ഒഴിവാക്കാനാവാത്ത പരിപാടിയുള്ളതിനാലാണ് ഗവർണർ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് വൈസ്ചാൻസലർ ഡോ. മഹാദേവൻ പിള്ള പറഞ്ഞു.

സർവകലാശാല ചട്ടപ്രകാരം ഓണററി ബിരുദം നൽകുന്നതിനും ബിരുദദാന പ്രംസംഗത്തിനുമുള്ള അധികാരം ചാൻസലറിൽ മാത്രം നിക്ഷിപ്തമാണെന്നും ഈ അധികാരം കൈമാറാൻ വ്യവസ്ഥയില്ലാതിരിക്കെ മന്ത്രി ബിരുദം നൽകുന്നത് ചട്ടവിരുദ്ധമാണെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും കൺവീനർ എം.ഷാജർഖാനും പ്രസ്താവനയിൽ പറഞ്ഞു.

പങ്കെടുക്കാതെ അബ്‌ദുറബ്ബ്

എച്ച്.ആർ ഭരദ്വാജ് ഗവർണറായിരിക്കെ, ക്രിസ് ഗോപാലകൃഷ്ണൻ അടക്കമുള്ളവർക്ക് ഓണററി ഡോക്ടറേറ്റ് നൽകാനുള്ള ശുപാർശ സർവകലാശാല സമർപ്പിച്ചിരുന്നു. ആ ദിവസം ഭരദ്വാജിന് അസൗകര്യമായതിനാൽ പ്രോ ചാൻസലറായ അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെ ബിരുദദാനത്തിന് ചുമതലപ്പെടുത്തി. എന്നാൽ ചാൻസലറില്ലാതെ, ബിരുദദാനചടങ്ങിൽ പങ്കെടുക്കില്ലെന്ന് അബ്ദുറബ്ബ് നിലപാടെടുത്തതോടെ ചടങ്ങ് മാറ്റുകയായിരുന്നു.