ന്യൂഡൽഹി : പാകിസ്ഥാന്റെ വ്യോമാക്രമണത്തെ ധീരമായി ചെറുത്ത വിംഗ് കമാണ്ടർ അഭിനന്ദൻ വർദ്ധമാനെ പിടികൂടിയ പാക് സൈനികനെ ഇന്ത്യൻ സൈന്യം വധിച്ചതായി സൂചന. പാക് സ്‌പെഷൽ സർവീസ് ഗ്രൂപ്പിലെ സുബേദാർ അഹമ്മദ് ഖാനാണ് ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. അഭിനന്ദന പിടികൂടിയപ്പോൾ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ താടിവച്ച ഇയാളുടെ മുഖമുണ്ടായിരുന്നു. മുഖസാദൃശ്യത്തിൽ നിന്നുമാണ് അതിർത്തിയിലെ വെടിവയ്പ്പിൽ കൊല്ലപ്പെട്ട പാക് സൈനികൻ അഭിനന്ദനെ പിടികൂടിയ ആളാണെന്ന് സൈന്യം മനസിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
അതിർത്തിയിൽ തീവ്രവാദികൾക്ക് ഇന്ത്യൻ മണ്ണിലേക്ക് നുഴഞ്ഞുകയറാനായി സഹായം ചെയ്യാനായിരുന്നു അഹമ്മദ് ഖാനെ പാക് സൈന്യം നിയോഗിച്ചിരുന്നത്. ഭീകരർ നുഴഞ്ഞു കയറ്റം നടത്തുമ്പോൾ ഇന്ത്യൻ പോസ്റ്റിലേക്ക് വെടിയുതിർത്ത് സൈന്യത്തിന്റെ ശ്രദ്ധതിരിക്കാൻ പാകിസ്ഥാൻ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച നഖ്യാല മേഖലയിൽ ഇത്തരത്തിലുണ്ടായ വെടിവയ്പ്പിലാണ് ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ അഹമ്മദ് ഖാൻ കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. അതിർത്തിപ്രദേശങ്ങളായ സുന്ദർബനി, പല്ലൻവാല,നൗഷേര എന്നിവിടങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനായി പാക് സൈന്യം അഹമ്മദ് ഖാനെ ചുമതലപ്പെടുത്തിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഈ പ്രദേശങ്ങളിൽ പരിശീലനം സിദ്ധിച്ച ഭീകരരെ അതിർത്തി കടത്തി വിടാനുള്ള ചുമതലയും ഇയാൾക്കായിരുന്നു.
പാക് വ്യോമസേനയുടെ അമേരിക്കൻ നിർമ്മിത എഫ് 16 വെടിവച്ചിട്ടതിനു ശേഷമാണ് തകർന്ന വിമാനത്തിൽ നിന്നും അഭിന്ദൻ പാരച്യൂട്ട് വഴി രക്ഷപ്പെട്ടത്. എന്നാൽ പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ ഇറങ്ങിയ അഭിന്ദനെ നാട്ടുകാർ വളയുകയായിരുന്നു. ഇവർക്കുനേരെ തോക്കു ചൂണ്ടിയ അഭിനന്ദനെ പിടികൂടി വാഹനത്തിൽ പാക് താവളത്തിലെത്തിച്ച സൈനികരിൽ അഹമ്മദ് ഖാനെ സൈന്യം തിരിച്ചറിഞ്ഞിരുന്നു.