onam-celebration

തിരുവനന്തപുരം: പ്രളയദുരന്തങ്ങളുടെ പശ്‌ചാത്തലത്തിൽ ഓണാഘോഷം ആർഭാടമില്ലാതെ നടത്താൻ സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്നും സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞവർഷത്തെ പോലെ ബോണസ് നൽകാനും യോഗത്തിൽ തീരുമാനമായി. എന്നാൽ ഉത്സവബത്തയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രാദേശിക കലാകാരന്മാർക്ക് സഹായകരമാണ് ഓണാഘോഷം. അതിനാൽ കഴിഞ്ഞ തവണ ഓണാഘോഷം നിർത്തിവെച്ചതുപോലുള്ള കർശന നടപടിയിലേക്ക് പോകേണ്ടതില്ലെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

പ്രളയബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബർ ഏഴിനകം കൊടുത്തു തീർക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേൽനോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10000 രൂപ സഹായധനം നൽകുക. ഇത്തവണ പഞ്ചായത്ത് സെക്രട്ടറിയുടേയും വില്ലേജ് ഓഫീസറുടേയും നേതൃത്വത്തിൽ പട്ടിക തയ്യാറാക്കി പരിശോധന നടത്തിയ ശേഷം മാത്രമേ അർഹരായവരെ തിരഞ്ഞെടുക്കാവൂ എന്നായിരുന്നു കഴിഞ്ഞ മന്ത്രിസഭയുടെ തീരുമാനം. എന്നാൽ എത്ര ദിവസത്തിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കണമെന്ന് നിർദേശിച്ചിട്ടില്ലായിരുന്നു.


ജില്ലാടിസ്ഥാനത്തിൽ മന്ത്രിമാരുടെ മേൽനോട്ടത്തിലായിരിക്കും അർഹതപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുക. ഇതിന് മന്ത്രിമാർ നേരിട്ടെത്തി നിർദേശങ്ങൾ നൽകണമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.