ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയാ കേസിൽ ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം സമർപ്പിച്ച അടിയന്തര ഹർജി സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ പരിഗണനയ്‌ക്ക് വിട്ടു. ഇന്ന് രാവിലെ ചിദംബരത്തിന്റെ അഭിഭാഷകൻ നൽകിയ ജാമ്യഹർജി പരിഗണിച്ച ജസ്‌റ്റിസ് രമണയുടെ ബെഞ്ച് കോൺഗ്രസ് നേതാവിന് ഉടൻ ജാമ്യം അനുവദിക്കാൻ തയ്യാറായില്ല. അറസ്‌റ്റിൽ നിന്ന് പരിരക്ഷ നൽകാനും കോടതി തയ്യാറായില്ല. ഹർജി ഇന്ന് തന്നെ പരിഗണിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ചീഫ് ജസ്‌റ്റിസ് തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. ഇനി ഉച്ചയ്‌ക്ക് ശേഷം മാത്രമേ ഈ ഹർജി കോടതിയുടെ പരിഗണനയ്‌ക്ക് വരൂ. അതേസമയം, ഒളിവിൽ പോയ ചിദംബരത്തെ കണ്ടെത്താനായി സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാല് തവണ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി സി.ബി.ഐ സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനാവാത്തതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
അഴിമതിക്കേസിൽ ചോദ്യം ചെയ്യലിനായി ചിദംബരത്തെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി. ഇത് പ്രകാരം ഇന്നലെ അർദ്ധരാത്രി ചിദംബരത്തിന്റെ വീട്ടിൽ രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് സി.ബി.ഐ പതിച്ചിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോർബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സി.ബി.ഐ നാല് തവണ എത്തിയിരുന്നു. അദ്ദേഹത്തെ കണ്ടെത്താനാകാതെ നാല് തവണയും സി.ബി.ഐയ്ക്ക് മടങ്ങേണ്ടി വന്നു. ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് ചിദംബരം അറിയിച്ചെങ്കിലും സി.ബി.ഐ വീട്ടിലെത്തുകയായിരുന്നു. സുപ്രീംകോടതി തീരുമാനം വരുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ചിദംബരത്തിന്റെ അഭിഭാഷകൻ അർഷദീപ് ഖുരാന സി.ബി.ഐയ്ക്ക് കത്തു നൽകിയിരുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചിദംബരത്തിന് രണ്ടു മണിക്കൂറിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന നോട്ടീസ് നൽകിയതെന്നും അഭിഭാഷകൻ ചോദിച്ചു. ചിദംബരത്തിന്റെ വീട്ടിൽ ഇന്നലെ വൈകിട്ടാണ് ആദ്യം സി.ബി.ഐയും എൻഫോഴ്സ്മെന്റും എത്തിയത്. ചിദംബരം വീട്ടിൽ ഇല്ലാതിരുന്നതിനാൽ മടങ്ങിയ ഇവർ അർദ്ധരാത്രി തിരികെയെത്തി നോട്ടീസ് പതിക്കുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും ചിദംബരത്തെ തേടി ഇവർ രണ്ടുതവണ എത്തുകയായിരുന്നു.
ഐ.എൻ.എക്‌സ് മീഡിയ എന്ന മാദ്ധ്യമ കമ്പനിയ്ക്ക് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കാൻ സഹായിച്ചുവെന്നും പ്രതിഫലമായി കാർത്തി കോഴപ്പണം വാങ്ങിയെന്നും പദവികൾ ലഭിച്ചുവെന്നുമാണ് കേസ്. അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന ചിദംബരം ധനവകുപ്പിൽ നിന്നും ക്ലിയറൻസ് നൽകി വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റും സി.ബി.ഐയും മുമ്പും ചോദ്യം ചെയ്തിരുന്നു.