കോഴിക്കോട്: വിവാഹാഘോഷം കൊഴുപ്പിക്കാൻ ആനപ്പുറത്തെത്തിയ വരനെതിരെ വനംവകുപ്പ് കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആർ.കെയ്ക്കെതിരെയാണ് കേസെടുത്തത്. ഇയാളെക്കൂടാതെ പാപ്പാൻ, ആനയുടമ എന്നിവർക്കെതിരെയും നാട്ടാന പരിപാലന ചട്ടം അനുസരിച്ച് കേസെടുത്തിട്ടുണ്ട്. ഈ മാസം 18നായിരുന്നു സമീഹിന്റെ വിവാഹം.
ആനപ്പുറത്ത് കയറിയാണ് വരൻ വധുവിന്റെ വീട്ടിലെത്തിയത്. ഇതിന്റെ വീഡിയോ സഹിതം ചിലർ വനംവകുപ്പിനെ സമീപിച്ച് പരാതി നൽകിയതോടെയാണ് കേസെടുത്തത്. ഇത്തരത്തിലുള്ള ആഘോഷങ്ങൾക്ക് ആനകളെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിനെതിരാണ്.