കഴിഞ്ഞ മാർച്ച് - ഏപ്രിൽ മുതൽ ഹോങ്കോംഗിൽ അവിടുത്തെ സർക്കാരിനെതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭപരിപാടികൾ ശക്തമായി തുടരുകയാണ്. പ്രക്ഷോഭകാരികൾക്കെതിരെ ചൈനയുടെ പിന്തുണയോടുകൂടി ഹോങ്കോംഗ് സർക്കാർ സ്വീകരിച്ച അടിച്ചർമത്തൽ നടപടികൾ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ദിവസം കഴിയുന്തോറും പ്രക്ഷോഭത്തിന്റെ ശക്തി കൂടുകയും, പണിമുടക്ക് , ബഹിഷ്കരണം, ഉപരോധം തുടങ്ങിയ മാർഗങ്ങൾ കൊണ്ട് ശ്രദ്ധേയമാവുകയുമാണ്.
1997 ൽ ഹോങ്കോംഗ് ചൈനയുടെ ഭാഗമായതിന് ശേഷം നടക്കുന്ന ഏറ്രവും വലിയ പ്രതിഷേധമാണിത്. കുറ്റവാളികളെ ഹോങ്കോംഗിൽ നിന്ന് ചൈനയിലേക്ക് കടത്താൻ വ്യവസ്ഥ ചെയ്യുന്ന ഒരു നിയമനിർദേശമാണ് ഈ പ്രക്ഷോഭത്തിന്റെ പ്രത്യക്ഷകാരണം. ചൈനയുടെ പാവയായ ഹോങ്കോംഗ് ഭരണാധികാരി ക്യാരി ലാമിന്റെ അഭിപ്രായത്തിൽ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് കുറ്രവാളികൾ ഹോങ്കോംഗിൽ അഭയം പ്രാപിക്കുന്നത് തടയാനാണ് പുതിയ നിയമം. നിർദേശിക്കപ്പെട്ട നിയമപ്രകാരം ഹോങ്കോംഗിൽ ആരെങ്കിലും എന്തെങ്കിലും കുറ്റം ചെയ്താലോ ആരോപണ വിധേയരായാലോ ചൈനയിലേക്ക് കടത്തി വിചാരണ ചെയ്യാമെന്നതാണ് പ്രക്ഷോഭകാരികളെ ചൊടിപ്പിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ ജൂൺ ആദ്യവാരം പത്തുലക്ഷം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. തുടർന്ന് നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ പൊലീസ് നടത്തിയ ബലപ്രയോഗം വലിയ വിമർശനത്തിന് വിധേയമായി. ജൂൺ മൂന്നാംവാരം ഇതിനെതിരെ 20 ലക്ഷം പേർ ഹോങ്കോംഗിനെ നിശ്ചലമാക്കി. വിവാദ നിയമനിർദേശം വീണ്ടും അവതരിപ്പിക്കില്ല എന്ന് പറഞ്ഞെങ്കിലും പൂർണമായും വേണ്ടെന്ന് വയ്ക്കാൻ ഭരണകൂടം തയാറായിട്ടില്ല. ജൂലായ് ആദ്യവാരം നടന്ന പ്രക്ഷോഭം ഹോങ്കോംഗ് നിയമനിർമ്മാണസഭയെ ഉപരോധിച്ചു. ഇതിന്റെ അവസാനത്തെ ഏടായിരുന്നു ഹോങ്കോംഗ് ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന അക്രമാസക്തമായ ഉപരോധം.
യഥാർത്ഥത്തിൽ ചൈനയുടെ ഏകാധിപത്യ പ്രവണതകൾക്കെതിരെയുള്ള പുതുതലമുറയുടെ രോഷപ്രകടനമാണ് ഈ പ്രക്ഷോഭം. തങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും കവർന്നെടുക്കാനുള്ള തന്ത്രമായിട്ടാണ് പുതിയ നിയമത്തെ പ്രക്ഷോഭകാരികൾ കണക്കാക്കുന്നത്. കമ്മ്യൂണിസ്റ്റ് - ചൈനാ വിരുദ്ധ ആശയങ്ങളുള്ളവരെ ഒതുക്കാനുള്ള ആയുധമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഹോങ്കോംഗ് തനിമ
'ഒരു രാജ്യം - രണ്ട് സംവിധാനം"എന്ന ഘടനയും, 'ഹോങ്കോംഗ് ജനത ഹോങ്കോംഗ് ഭരിക്കും" എന്ന തത്വത്തിലും പ്രവർത്തിക്കാമെന്ന ഉറപ്പിലാണ് ബ്രിട്ടനിൽ നിന്നും വേർപെട്ട് ഹോങ്കോംഗ് ചൈനയുടെ ഭാഗമാകുന്നത്. പൂർണമായും ജനാധിപത്യം ഇല്ലെങ്കിലും വളരെയധികം പൗരസ്വാതന്ത്ര്യങ്ങൾ അനുഭവിക്കുന്നവരാണ് ഹോങ്കോംഗുകാർ. ചൈനയുടെ ഭാഗമാണെങ്കിലും സ്വന്തമായ കറൻസിയും സാംസ്കാരിക പൈതൃകവും ഭരണരീതികളും ഹോങ്കോംഗിനെ വേറിട്ടതാക്കുന്നു. ചൈനക്കാരായല്ല, മറിച്ച് ഹോങ്കോംഗുകാരായി അറിയപ്പെടാനാണ് അവർ ആഗ്രഹിക്കുന്നത്. 150 വർഷത്തോളം ബ്രിട്ടീഷ് ഭരണത്തിൽ കഴിഞ്ഞതുകൊണ്ട് നിയമസംവിധാനവും കോടതിയും മറ്റും ബ്രിട്ടീഷ് മാതൃകയിലുള്ളതാണ്. 'ഹോങ്കോംഗ് ബേസിക് ലോ"യുടെ അടിസ്ഥാനത്തിൽ ചൈനയിൽ ഇല്ലാത്ത പല അവകാശങ്ങളും ഹോങ്കോംഗുകാർ അനുഭവിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം , സമരം ചെയ്യാനുള്ള അവകാശം , ജനാധിപത്യ പരിഷ്കാരങ്ങൾ തുടങ്ങിയവ ഹോങ്കോംഗിനെ വ്യത്യസ്തമാക്കുന്നു.
എന്നാൽ ഹോങ്കോംഗിന്റെ ഈ തനിമയിൽ വെള്ളം ചേർക്കാനാണ് ചൈനീസ് ഭരണകൂടം തുടക്കം മുതലേ ശ്രമിച്ചത്. 2003 ലെ ദേശീയ സുരക്ഷാ നിയമം , 2012 ലെ ദേശസ്നേഹ പാഠങ്ങൾ തുടങ്ങിയവ ഹോങ്കോംഗിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായിരുന്നു. മാത്രമല്ല, പൊലീസിലും മറ്റ് ഭരണസംവിധാനങ്ങളിലും ചൈനയ്ക്ക് ഹോങ്കോംഗിൽ വലിയ സ്വാധീനമുണ്ട്. മേൽത്തട്ടിലെ ഭരണസംവിധാനം ചൈനീസ് നിയന്ത്രണത്തിലാണ്. ജനാധിപത്യരീതിയിലുള്ള പ്രായപൂർത്തി വോട്ടവകാശമോ തിരഞ്ഞെടുപ്പോ മാദ്ധ്യമസ്വാതന്ത്ര്യമോ ഹോങ്കോംഗിലില്ല. ഇതിനെതിരെയുള്ള പ്രക്ഷോഭമാണ് യഥാർത്ഥത്തിൽ നടക്കുന്നത്.
ജനാധിപത്യത്തിനു വേണ്ടി
നിരവധിയായി നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായി ജനാധിപത്യത്തിനു വേണ്ടിയിട്ടുള്ള ഒരു കൂട്ടായ്മ ഹോങ്കോംഗിൽ രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ കൃത്യമായ നേതൃത്വമോ പദ്ധതിയോ ഇതിനില്ല. ഇതിലൊരു വിഭാഗം ചൈനയിൽ നിന്ന് പൂർണസ്വാതന്ത്ര്യം ആവശ്യപ്പെടുമ്പോൾ മറ്റൊരു വിഭാഗം തനതായ സംസ്കാരത്തിനും ചരിത്രത്തിനും പ്രാധാന്യം നൽകുന്നു. ചൈനയുടെ ഭാഷാപരവും ചരിത്രപരവുമായ ഇടപെടലുകളെ ഇവർ ശക്തമായി എതിർക്കുന്നു. ജനാധിപത്യ പരിഷ്കാരവാദികളെ വിഘടനവാദികളും ദേശദ്റോഹികളുമായാണ് ചൈന കാണുന്നത്. ചൈനീസ് നയങ്ങളോട് യോജിക്കാത്തവരെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അറസ്റ്റ് ചെയ്യുന്നത് നിത്യസംഭവമാണ്. ഇങ്ങനെ നടപടിക്ക് വിധേയരായവരിൽ ഏറെയും ചെറുപ്പക്കാരും നേതൃത്വത്തിലേക്ക് വരാൻ സാദ്ധ്യതയുള്ളവരുമാണ്. ചുരുക്കത്തിൽ ഇവർ ആവശ്യപ്പെടുന്ന ജനാധിപത്യം അനുവദിച്ച് കൊടുക്കാൻ കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് കഴിയില്ല. 2017ൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് ഹോങ്കോംഗ് സന്ദർശിച്ചപ്പോൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും കമ്മ്യൂണിസ്റ്റ് നയങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന് കൃത്യമായ സന്ദേശം നൽകിയിട്ടുണ്ട്.
പ്രക്ഷോഭകാരികൾക്ക്
വേണ്ടതെന്ത് ?
ഇപ്പോൾ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ നാല് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. വിവാദ നിയമനിർദേശം പിൻവലിക്കുക, അറസ്റ്റിലായവരെ മോചിപ്പിക്കുക, പൊലീസ് അതിക്രമം അന്വേഷിക്കുക, ഭരണാധികാരിയായ ക്യാരി ലാം രാജിവയ്ക്കുക തുടങ്ങിയവയാണത്. ഈ ആവശ്യങ്ങളൊന്നും തന്നെ പൂർണമായും അംഗീകരിക്കപ്പെട്ടിട്ടില്ല.
ടിയാനൻമെൻ സ്ക്വയർ
ആവർത്തിക്കുമോ?
ചൈനയുടെ കാഴ്ചപ്പാടിൽ ഇപ്പോൾത്തന്നെ പ്രക്ഷോഭം അതിരു വിട്ടിരിക്കുകയാണ്. പ്രക്ഷോഭകാരികളെ ഭീകരതയോട് അടുത്ത് നിൽക്കുന്നവർ എന്നാണ് ചൈന വിശേഷിപ്പിച്ചത്. ജനാധിപത്യത്തിന്റെ പേരും പറഞ്ഞ് ചൈനയെയോ കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്ന് കൃത്യമായ സന്ദേശം നൽകിയിട്ടുണ്ട്. ഹോങ്കോംഗിൽ നിന്ന് ചുരുങ്ങിയ കിലോമീറ്ററുകൾ അപ്പുറമുള്ള ചൈനീസ് മെയിൻലാൻഡിലെ ഷെൻഷെന്നിൽ നടക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കസർത്തുകൾ നൽകുന്ന സന്ദേശം , വേണ്ടിവന്നാൽ 1989 ലെ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊല ആവർത്തിക്കും എന്നതാണ്. എന്നാൽ പെട്ടെന്നൊരു സൈനിക നടപടി അത്ര പ്രായോഗികമല്ല. ഹോങ്കോംഗ് ചൈനയുടെ വലിയൊരു സാമ്പത്തിക സ്രോതസാണ്. അമേരിക്കയുമായി ഉള്ള വ്യാപാരത്തർക്കം സൈനിക നടപടിക്ക് തടസം തന്നെയാണ്. പ്രക്ഷോഭം ആളിക്കത്തിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം പാശ്ചാത്യ ശക്തികൾ ചെയ്യുന്നുണ്ട്. ഇവർ മെനയുന്ന പത്മവ്യൂഹത്തിൽ അകപ്പെടാനും ചൈനയ്ക്ക് താത്പര്യമില്ല. പക്ഷേ ഒരു കാര്യം വ്യക്തമാണ്, പ്രക്ഷോഭം അതിരുവിട്ടാൽ അടിച്ചമർത്താൻ ചൈന മടിക്കില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. ഇത് മനസിലാക്കാത്ത ചെറുപ്പക്കാരായ പ്രക്ഷോഭകാരികളാണ് ഹോങ്കോംഗ് കോപത്തിന്റെ മുന്നണി പടയാളികൾ.
(ലേഖകൻ കേരള സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381)