maruti-xl6

മൾട്ടി പർപ്പസ് വെഹിക്കിൾ വിഭാഗത്തിൽ ടൊയോട്ട ഇന്നോവയുടെ മേധാവിത്വം തകർക്കാനായി മാരുതി സുസുക്കി തങ്ങളുടെ സിക്‌സ് സീറ്റർ വാഹനമായ എക്‌സ്.എൽ.ആർ 6 പുറത്തിറക്കി. 9.80 ലക്ഷം രൂപയാണ് ഡൽഹിയിലെ എ‌ക്സ് ഷോറൂം വില. ഇഗ്നിസ്, ബലേനോ,സിയാസ്, എസ് ക്രോസ് എന്നീ മോഡലുകൾക്ക് ശേഷം മാരുതി തങ്ങളുടെ പ്രീമിയം കാർ ഷോറൂമായി നെക്‌സ വഴി വിൽക്കുന്ന മോഡലാണ് എക്‌സ്.എൽ.ആർ 6. നെക്‌സ ബ്ലൂ, ബ്രേവ് ഖാകി, ഓബേൺ റെഡ്, മഗ‌്മ‌ ഗ്രേയ്, പ്രീമിയം സിൽവർ, ആർട്ടിക് വൈറ്റ് എന്നീ ആറ് നിറങ്ങളിലാണ് വാഹനം വിപണിയിൽ ലഭ്യമാകുന്നത്.

മാരുതി എർട്ടിഗയേക്കാൾ കൂടിയ വിലയിലാണ് എക്‌സ്.എൽ.ആർ 6നെ കമ്പനി വിപണയിലേക്ക് എത്തിക്കുന്നത്. പ്രോഗ്രസീവ് സ്‌മാർട്ട് ഹൈബ്രിഡ് ടെക്‌നോളജിയും ബി.എസ്. 6 നിലവാരവുമുള്ള കെ.15 പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 105 എച്.പി പവറും 138 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ് ഈ എഞ്ചിൻ. 4 സ്പീഡ് ഓട്ടോമാറ്റിക്, 5 സ്പീഡ് മാനുവൽ ഗിയർ എന്നിങ്ങനെ വാഹനം ലഭ്യമാകും. മാരുതിയുടെ മറ്റ് വാഹനങ്ങൾ പോലെ തന്നെ കമ്പനിയുടെ അഞ്ചാം തലമുറ ഹേർട്ടക്‌ട് പ്ലാറ്റ്‌ഫോമിലാണ് എക്‌സ്.എൽ.ആർ 6ന്റെ നിർമാണം. മുന്നിൽ നിന്നും പിന്നിൽ നിന്നും വശങ്ങളിൽ നിന്നുമുല്ള അപകടങ്ങളെ തടയാനുള്ള സംവിധാനത്തിന് പുറമെ എ.ബി.എസ്, ഇ.ബി.ഡി സുരക്ഷ, ഹൈ സ്പീഡ‌് വാർണിഗ്, റിവേഴ്സ് ക്യാമറ എന്നിവയും സ്‌റ്റാൻഡേർഡായി വാഹനത്തിൽ ലഭിക്കുന്നു.