ലഖ്നൗ : നൂറ്റമ്പതിലധികം ഒന്നാം വർഷ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ തലമൊട്ടയടിച്ചു തൊഴുവിപ്പിച്ചു. ഉത്തർപ്രദേശിലെ സയ്ഫായിലുള്ള യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ വ്യാപകമായി സമൂഹ മാദ്ധ്യമങ്ങിൽ പ്രചരിക്കുന്നുണ്ട്. തലമുണ്ഡനം ചെയ്ത് വരിവരിയായി നടന്നുപോകുന്ന നൂറുകണക്കിന് വിദ്യാർത്ഥികളെയാണ് വീഡിയോയിൽ കാണാനാവുന്നത്.
വിദ്യാർത്ഥികളെ റാഗ്‌ചെയ്ത സീനിയർ വിദ്യാർത്ഥികളെ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തതായി വൈസ് ചാൻസലർ ഡോ.രാജ്കുമാർ അറിയിച്ചു. ഇതിനു മുൻപും വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവം ഈ കാമ്പസിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോളേജിലെ റാഗിംഗ് വിരുദ്ധ കമ്മിറ്റി ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും ഇതു സംബന്ധിച്ച പരാതികൾ ഏതു വിദ്യാർത്ഥിക്കും കൈമാറാമെന്നും വൈസ് ചാൻസലർ അറിയിച്ചിട്ടുണ്ട്.