mamta

കൊൽക്കത്ത: ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്താനായി കൊടുത്ത കൈക്കൂലി തിരികെ വാങ്ങാനെത്തിയ യുവതിയെ തൃണമൂൽ കോൺഗ്രസ് നേതാവും സംഘവും ചേർന്ന് പീഡിപ്പിച്ചതായി പരാതി. ജൽപായ്‌ഗുരി ജില്ലയിലെ മായാനഗുരിയിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് നേതാവിനെയോ കൂടെയുള്ളവരെയോ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

സംഭവം ഇങ്ങനെ... ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവരുടെ പട്ടികയിൽ (ബി.പി.എൽ) ഉൾപ്പെടുത്താനായി ബംഗാളിൽ രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നും കട്ട് മണി എന്ന പേരിൽ കൈക്കൂലി വാങ്ങുന്ന പതിവുണ്ട്. ഇത്തരത്തിൽ പരാതിക്കാരിയെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്താനായി 7000 രൂപ തൃണമൂൽ കോൺഗ്രസുകാരനായ പഞ്ചായത്ത് അംഗം വാങ്ങിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യം നടന്നില്ല. ഇതിനിടയിൽ കട്ട് മണി വാങ്ങിയ പ്രവർത്തകരെല്ലാം അത് തിരികെ കൊടുക്കണമെന്ന് മുഖ്യമന്ത്രിയും തൃണമൂൽ അദ്ധ്യക്ഷയുമായ മമതാ ബാനർജി ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് തന്റെ പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ട് ആഗസ്‌റ്റ് 14ന് പരാതിക്കാരി നേതാവിനെ കാണാനെത്തി. ഈ സമയം വീട്ടിലുണ്ടായിരുന്ന തൃണമൂൽ നേതാവും കൂട്ടുകാരും ചേർന്ന് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. സംഭവം പുറത്തായതിന് പിന്നാലെ സംഘം ഒളിവിൽ പോയി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയോടേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാനത്ത് പാർട്ടിയെ രക്ഷിക്കുന്നതിനുള്ള നിരവധി നീക്കങ്ങളാണ് മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടക്കുന്നത്. 2014ൽ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിക്കാൻ നീക്കങ്ങൾ നടത്തിയ പ്രശാന്ത് കിഷോറിനെ തന്റെ ഉപദേശകനായി നിയോഗിച്ച മമത വിവിധ മാർഗങ്ങളിലൂടെ ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങാനുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറയാനായി ദീദീ കോ ബോലോ എന്ന ക്യാംപയിൻ ആരംഭിച്ച മമത കഴിഞ്ഞ ദിവസം ചേരിപ്രദേശങ്ങളിൽ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നു.