ദുബായ്: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലി വിവാഹിതനായി. ഹരിയാന സ്വദേശിയായ സാമിയ അർസുവാണ് വധു. ദുബായിലെ ദ് പാമിലെ അറ്റ്‌ലാന്റിക്ക് ഹോട്ടലിൽവച്ചായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം അമ്പതോളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
വിവാഹത്തിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇന്ത്യൻ വസ്ത്രങ്ങളാണ് വധു വിവാഹ സമയം അണിഞ്ഞിരുന്നത്. അതേസമയം പാകിസ്ഥാനിൽ നടക്കുന്ന റിസപ്ഷനിൽ ആ രാജ്യത്തെ വസ്ത്രങ്ങളായിരിക്കും സാമിയയ്ക്കായി തിരഞ്ഞെടുക്കുകയെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് മിഷി ആൻജലോ പറഞ്ഞു.
ഹസൻ അലി പാകിസ്ഥാനുവേണ്ടി ഒമ്പത് ടെസ്റ്റുകളും 53 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. എയർഹോസ്റ്റസായ സാമിയ കുടുംബസമേതം ദുബായിലാണ്. ഇഗ്ലണ്ടിൽ നിന്ന് എഞ്ചിനിയറിംഗ് പൂർത്തിയാക്കിയതിന് ശേഷമാണ് സാമിയ എയർഹോസ്റ്റസായി ജോലിയിൽ പ്രവേശിച്ചത്. സുഹൃത്തുക്കൾ വഴിയാണ് സാമിയ ഹസനെ പരിചയപ്പെടുന്നത്. ഇവരുടെ വിവാഹ നിശ്ചയം ചർച്ചയായിരുന്നു.