narendra-modi

ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളുമായുള്ള ഊഷ്മള ബന്ധം അരക്കിട്ടുറപ്പിക്കുവാനായി മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിനായി മറ്റെന്നാൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രതിരിക്കും. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ഇസ്ലാമിക രാഷ്ട്രത്തിലേക്കുള്ള മോദിയുടെ സന്ദർശത്തിന് രാഷ്ട്രീയ നിരീക്ഷകർ ഏറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. യു.എ.ഇയിലും, ബഹ്റിനിലുമാണ് മോദി സന്ദർശനം നടത്തുന്നത്. ആഗസ്റ്റ് 23മുതൽ 25വരെയാണ് അദ്ദേഹം ഈ രാഷ്ട്രങ്ങളിൽ സന്ദർശനം നടത്തുന്നത്. കാശ്മീർ പ്രശ്നം അന്താരാഷ്ട്ര തലത്തിലേക്ക് ചർച്ചാവിഷയമായി പാക് പ്രധാനമന്ത്രി ഉയർത്തുന്നതിനിടെ കാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടാണ് യു.എ.ഇ സ്വീകരിച്ചിരുന്നത്. ഇസ്ലാമിക രാജ്യങ്ങളിൽ നിന്നു പോലും പിന്തുണ ലഭിക്കാതെ പോയത് പാകിസ്ഥാനെ നിരാശപെടുത്തിയിരുന്നു.

ബഹിരാകാശം,പ്രതിരോധം,സമുദ്രസുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണത്തെകുറിച്ച് ഇന്ത്യയും യു.എ.ഇയും തമ്മിൽ ചർച്ചയുണ്ടാവുമെന്നാണ് ഔദ്യോഗിക വിവരം. ഇതുകൂടാതെ രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാര സാമ്പത്തികരംഗങ്ങളിലെ സഹകരണം വർദ്ധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളും രാഷ്ട്രനേതാക്കളുടെ ചർച്ചയിൽ ഉണ്ടാവും. യു.എ.യിലും ബഹ്റിനിലേക്കും യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് റുപേയ് കാർഡ് ഉപയോഗിക്കാനുള്ള കരാറും ഒപ്പുവയ്ക്കും.

ഫ്രാൻസിൽ വച്ചു നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്തശേഷമാണ് യു.എ.ഇയും ബെഹറിനും മോദി സന്ദർശിക്കുന്നത്. യു.എ.ഇ സന്ദർശിക്കുന്ന വേളയിൽ രാഷ്ട്രം നൽകുന്ന ബഹുമതിയായ ശൈഖ് ശായിദ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് യു.എ.ഇ സമ്മാനിക്കും. ഈ വർഷം ഏപ്രിലിലാണ് നരേന്ദ്രമോദിക്ക് യു.എ.ഇ പരമോന്നത സിവിലിയൻ ബഹുമതിയായ ശൈഖ് ശായിദ് നൽകുമെന്ന് അറിയിച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ മാറ്റ്കൂട്ടുന്നതാവും ഈ ചടങ്ങ് യു.എ.ഇയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മൂന്നാമത്തെ സന്ദർശനമാണ് ഇത്. ബഹ്റിനിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണെന്ന പ്രത്യേകതയുമുണ്ട്. ബഹ്റിനിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മുൻപ് യു.എ.ഇ സന്ദർശന വേളയിൽ ഇന്ത്യക്കാർ അധിവസിക്കുന്ന ലേബർ ക്യാമ്പുകളിൽ സന്ദർശനം നടത്തി നരേന്ദ്ര മോദി പ്രവാസലോകത്തിന്റെ കൈയ്യടി നേടിയിരുന്നു.

narendra-modi

ഇന്ത്യയിൽ 75ബില്യൺ ഡോളർ വിവിധ പദ്ധതികളിലായി നിക്ഷേപിക്കുവാൻ യു.എ.ഇ താത്പര്യം അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ ഗൾഫ് മേഖലയിൽ ഇന്ത്യൻ കമ്പനികളെ നിക്ഷേപത്തിനായി മുൻഗണന നൽകി ക്ഷണിക്കുകയും ചെയ്യും.