ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഹർജിയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന ആവശ്യം പരിഗണിച്ചില്ല.
ജാമ്യ ഹർജിയിൽ പിഴവുള്ളതിനാൽ കേസ് ഇന്ന് ലിസ്റ്റ് ചെയ്തിരുന്നില്ല. ലിസ്റ്റ് ചെയ്യാതെ എങ്ങനെ ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസ് രമണ ചോദിച്ചു. നാളെ ലിസ്റ്റ് ചെയ്താൽ ഹർജി പരിഗണിച്ചേക്കും. മുൻകൂർ ജാമ്യഹർജി ലിസ്റ്റ് ചെയ്‌ത കേസായി സുപ്രീം കോടതിയുടെ പരിഗണനയിൽ വരാത്ത സാഹചര്യത്തിൽ സി.ബി.ഐയ്ക്ക് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിൽ നിയമതടസങ്ങളൊന്നുമില്ല.
ഒളിവിൽ പോയ ചിദംബരത്തെ കണ്ടെത്താനായി സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. നാല് തവണ ചോദ്യം ചെയ്യാനായി സി.ബി.ഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനാവാത്തതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. അഴിമതിക്കേസിൽ ചോദ്യം ചെയ്യലിനായി ചിദംബരത്തെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി. ഇത് പ്രകാരം ഇന്നലെ അർദ്ധരാത്രി ചിദംബരത്തിന്റെ വീട്ടിൽ രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് സി.ബി.ഐ പതിച്ചിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോർബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സി.ബി.ഐ നാല് തവണ എത്തിയിരുന്നു. അദ്ദേഹത്തെ കണ്ടെത്താനാകാതെ നാല് തവണയും സി.ബി.ഐയ്ക്ക് മടങ്ങേണ്ടി വന്നു.
അതേസമയം ചിദംബരം ഒളിച്ചോടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ കബിൽ സിബൽ പറഞ്ഞു. ഐ.എൻ.എക്സ് മീഡിയ എന്ന മാദ്ധ്യമ കമ്പനിയ്ക്ക് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കാൻ സഹായിച്ചുവെന്നും പ്രതിഫലമായി കാർത്തി കോഴപ്പണം വാങ്ങിയെന്നും പദവികൾ ലഭിച്ചുവെന്നുമാണ് കേസ്