army

ന്യൂഡൽഹി:ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക അഴിച്ചു പണിയുടെ ഭാഗമായി കരസേനാആസ്ഥാനം (ആർമി ഹെഡ്ക്വാർട്ടേഴ്‌സ് ) പ്രത്യേക വിജിലൻസ്, മനുഷ്യാവകാശ വിഭാഗങ്ങൾ ഉൾപ്പെടുത്തി സമഗ്രമായി പുനഃസംഘടിപ്പിക്കുന്നു. ഇതുസംബന്ധിച്ച നിരവധി ശുപാർശകൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അംഗീകരിച്ചു.സൈന്യത്തെ സമഗ്രമായി പുനഃസംഘടിപ്പിക്കാനും ആധുനികവൽക്കരിക്കാനും കരസേന നടത്തിയ നാല് പഠനങ്ങളിലെ ശുപാർശകളാണ് നടപ്പാക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഉത്തരവ് പ്രകാരമാണ് ഈ പഠനങ്ങൾ നടത്തിയത്. കരസേനാ ആസ്ഥാനത്തിന്റെ പുനഃസംഘടന, ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് രൂപീകരണം ഉൾപ്പെടെ സൈന്യത്തിന്റെ സമഗ്രമായ അഴിച്ചു പണി, ഓഫീസർമാരുടെ കേഡർ റിവ്യൂ, ജെ. സി. ഒ ഉൾപ്പെടെയുള്ള റാങ്കുകളുടെ സ്വന വേതന പരിഷ്‌കരണം എന്നിവ സംബന്ധിച്ചായിരുന്നു പഠനങ്ങൾ.

ആ‌ർമി ആസ്ഥാനത്തെ പരിഷ്‌കാരങ്ങൾ

ചീഫ് ഒഫ് ആർമി സ്റ്റാഫിന്റെ നേതൃത്വത്തിൽ മൂന്ന് സേനകൾക്കും പ്രാതിനിദ്ധ്യമുള്ള പ്രത്യേക വിജിലൻസ് സെൽ

നിലവിൽ വിജിലൻസ് കേസുകൾ വിവിധ ഏജൻസികളാണ് കൈകാര്യം ചെയ്യുന്നത്. അത് മാറ്റി ചീഫ് ഒഫ് ആർമി സ്റ്റാഫിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കും. അദ്ദേഹത്തിന്റെ കീഴിൽ വിജിലൻസ് അഡിഷണൽ ഡയറക്ടർ ജനറൽ ഉണ്ടാവും. കര, വ്യോമ, നാവിക സേനകളിൽ നിന്ന് കേണൽ റാങ്കിലുള്ള ഓരോ ഓഫീസർ സെല്ലിൽ അംഗങ്ങളായിരിക്കും

സേനയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വൈസ് ചീഫ് ഒഫ് ആർമി സ്റ്റാഫിന്റെ നേതൃത്വത്തിൽ പ്രത്യേക വിഭാഗം. മേജർ ജനറൽ റാങ്കുള്ള ഓഫീസർ അഡിഷണൽ ഡയറക്ടർ ജനറൽ ആയിരിക്കും. കേസുകളുടെ അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാൻ എസ്. എസ്. പി / എസ്. പി റാങ്കിലുള്ള പൊലീസ് ഓഫീസറെ ഡെപ്യൂട്ടേഷനിൽ നിയമിക്കും.

ആർമി ഹെഡ്ക്വാർട്ടേഴ്‌സിലെ ഓഫീസർമാരുടെ എണ്ണം കുറയ്‌ക്കും.

ഇതിന്റെ ഭാഗമായി 206 ഓഫീസർമാരെ ഫീൽഡ് യൂണിറ്റുകളിലേക്ക് തിരിച്ചയയ്‌ക്കും. മൂന്ന് മേജർ ജനറൽമാരെയും എട്ട് ബ്രിഗേഡിയർമാരെയും ഒൻപത് കേണൽമാരെയും 186 ലഫ്റ്റനന്റ് കേണൽമാരെയുമാണ് തിരിച്ചയയ്‌ക്കുക.