ഉത്തരകാശി: ഉത്തരാഖണ്ഡിലെ പ്രളയമേഖലയിൽ ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഹെലികോപ്ടർ വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണ് മൂന്നുപേർ മരിച്ചു. പ്രളയബാധിതമേഖലയിൽ സാധനങ്ങളെത്തിച്ചശേഷം മടങ്ങവെ ഇന്നലെ ഉച്ചയ്ക്കുശേഷം ഉത്തരകാശിയിലെ മോൾഡി മേഖലയിലാണ് സംഭവം. ഹെലികോപ്ടർ വൈദ്യുതി ലൈനിൽ തട്ടി തീപിടിക്കുകയായിരുന്നു. മുഖ്യ പൈലറ്റ് ക്യാപ്ടൻ ലാ, സഹ പൈലറ്റ് ശൈലേഷ്, നാട്ടുകാരനായ രാജ്പാൽ എന്നിവർ മരിച്ചതായി സംസ്ഥാന ദുരന്ത പ്രതികരണ സേന അറിയിച്ചു. ഹെറിറ്റേജ് ഏവിയേഷൻ എന്ന കമ്പനിയുടേതാണ് ഹെലികോപ്ടർ.
ഇന്തോ-ടിബറ്റൻ അതിർത്തിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന പൊലീസ് സംഘം അപകടസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേദ സിംഗ് റാവത്ത് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കനത്ത മഴയും മണ്ണിടിച്ചിലും സംസ്ഥാനത്ത് വലിയ നാശനഷ്ടവും ആളപായവുമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടാക്കിയത്. മഴക്കെടുതിയിൽ 900ൽപ്പരം ആളുകൾ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. വിവിധയിടങ്ങളിലായി 5700ലധികം ആളുകളെ കാണാതായിട്ടുണ്ട്. നിരവധിപേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പഞ്ചാബ്, ഹരിയാന, ഹിമാചൽ തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴയാണുള്ളത്. മഴയിലും മണ്ണിടിച്ചിലിലും 43 പേരാണ് ഹിമാചലിൽ മാത്രം മരിച്ചത്. 2013ൽ ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിൽ ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.