പത്തനാപുരം: സി.പി.എം - സി.പി.ഐ സംഘർഷത്തിൽ പൊലീസുകാരുൾപ്പടെ ഏഴുപേർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിച്ചാർജിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഡെൻസനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ഐ.ടി.യു പ്രവർത്തകരായ മത്സ്യ കയറ്റിറക്ക് തൊഴിലാളികളിൽ ചിലർ എ.ഐ.ടി.യു.സിയിലേക്ക് മാറിയതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇന്നലെ രാത്രി ഒൻപതരയോടെ കല്ലുംകടവിൽ എത്തിയ മത്സ്യം ഇറക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി വിട്ടവരുമായി ഉണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് വാഹനമുൾപ്പടെ ആറോളം വാഹനങ്ങളും തകർത്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഡെൻസൻ വർഗീസ്, റെജിമോൻ, പ്രകാശ് എന്നിവർക്കും അനൂപ് സാഗർ, സാബു, പ്രവീൺ.ടി.നായർ എന്നീ പൊലീസുകാർക്കുമാണ് പരിക്കേറ്റത്. പൊലീസുകാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പുനലൂർ - മൂവാറ്റുപുഴ റോഡ് ഉപരോധിച്ചു. റോഡിലൂടെ കടന്നുപോയ സ്വകാര്യ വാഹനങ്ങളും പ്രതിക്ഷേധക്കാർ അടിച്ചുതകർത്തു. സംഭവത്തിൽ നാൽപതോളം പേർക്കെതിരെ കേസെടുത്തു. സി.പി.ഐ പ്രവർത്തകരായ മഞ്ചള്ളൂർ കാരം മൂട് മുഹമ്മദാലി, പിറവന്തൂർ പാലേരി സുധീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്. കല്ലുംകടവിലും ജംഗ്ഷനിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ചതിന് 50 സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.