ഒരു രാത്രികൊണ്ട് പ്രേതനഗരമായ രാമേശ്വരത്തെ ധനുഷ്‌കോടി എന്ന സ്ഥലത്തെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ആരും കാണില്ല. നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിലേക്ക് കുറച്ചു ദൂരം മാത്രമാണ് ധനുഷ്‌കോടിക്കുള്ളത്. ഇന്ന് ധനുഷ്‌കോടി ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. പ്രേതനഗരമായ ഇവിടെ ചുഴലികൊടുങ്കാറ്റ് അവശേഷിപ്പിച്ച കെട്ടിടങ്ങളുടെ അവശിഷ്ടം കാണാനെത്തുവർക്ക് നിരവധിയാണ്. സന്ദർശനത്തിനെത്തുന്നവർക്ക് കടലിൽ നിന്നുമുള്ള മുത്തും,കക്കയും കൊണ്ടുണ്ടാക്കുന്ന കൗതുക വസ്തുക്കൾ വിൽക്കുന്ന ചെറിയ ഷോപ്പുകളും ലഘുഭക്ഷണശാലയുമാണുള്ളത്. ഇതിനൊപ്പം സ്വാദിഷ്ടമായ മത്സ്യം പൊരിച്ചുനൽകുന്ന ചെറിയ കടകളുമുണ്ട്. സ്ത്രീകളാണ് സാധാരണയായി ഇത്തരം ഭക്ഷണശാലകൾ നടത്തുന്നത്. ധനുഷ്‌കോടിയിലെ ഒരു ചെറു ഭക്ഷണശാലയായ ശാലിനി എന്ന ഹോട്ടലിലാണ് ഇന്ന് കൗമുദി ടിവിയിലെ സാൾട്ട് ആൻഡ് പെപ്പർ എന്ന ട്രാവൽ ഫുഡ് പ്രോഗ്രാമിന്റെ ഈ എപ്പിസോഡ് ഷൂട്ടുചെയ്തിരിക്കുന്നത്.
സിനിമ സംവിധായകരുടെ ഇഷ്ട ലൊക്കേഷനാണ് ധനുഷ്‌കോടി. അതിനാൽ തന്നെ ഈ ചെറിയ ഹോട്ടലിൽ മത്സ്യരുചി തേടിയെത്തുന്നത് തമിഴിലെയും മലയാളത്തിലെയും സൂപ്പർതാരങ്ങളാണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ ഇവിടെ വന്നു കഴിച്ചിട്ടുണ്ടെന്ന് ശാലിനി ഹോട്ടലിന്റെ നടത്തിപ്പുകാരായ കൃഷ്ണവേണി അവതാരകനോട് പറയുന്നു. വാവൽ എന്ന മത്സ്യമാണ് സാൾട്ട് ആൻഡ് പെപ്പർ എന്ന പ്രോഗ്രാമിന് വേണ്ടി ഇവർ തയ്യാറാക്കി നൽകിയത്.