കൊച്ചി: കോലാപൂരിലെയും കേരളത്തിലെയും പ്രളയ ദുരിതബാധിതർക്ക് സഹായഹസ്‌തവുമായി ആസ്‌റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മുഖമായ ആസ്‌റ്റർ വോളന്റിയേഴ്‌സ്. കോലാപൂർ നഗരം പ്രളയത്തിലായപ്പോൾ ആസ്‌റ്റർ ആധാർ ഹോസ്‌പിറ്റലിലെ 500 ആസ്‌റ്റർ വോളന്റിയേഴ്‌സ് കർമ്മനിരതരായി രംഗത്തിറിങ്ങി.
ദിവസേന 400 ഭക്ഷണ പാക്കറ്റുകൾ ദുരിതബാധിതർക്ക് എത്തിച്ചുനൽകി. പ്രളയം ശക്തമായ ദിനങ്ങളിൽ ഇത്തരം 12,000 ഭക്ഷണ പാക്കറ്റുകൾ എത്തിച്ചു. 35 ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കുകയും എട്ട് ആംബുലൻസുകൾ വിട്ടുനൽകിയും ആസ്‌റ്റർ വോളന്റിയേഴ്‌സ് സജീവ പ്രവർത്തനം നടത്തി. പ്രളയബാധിതരിൽ ആവശ്യമുള്ളവർക്ക് മെഡിക്കൽ പരിചരണവും ലഭ്യമാക്കി. മഹാരാഷ്‌ട്ര സർക്കാരുമായും ജില്ലാ ഡിസാസ്‌റ്റർ അതോറിറ്റിയുമായും ധാരണാപത്രം ഒപ്പുവച്ച മഹാരാഷ്‌ട്രയിലെ ആദ്യ ആശുപത്രിയാണ് ആസ്‌റ്റർ ആധാർ ഹോസ്‌പിറ്റൽ.
കേരളത്തിൽ ഇക്കുറി പ്രളയത്തിലകപ്പെട്ട മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ 600 ആസ്‌റ്റർ വോളന്റിയർമാർ സന്നദ്ധ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങി. 37,000 പേർക്ക് സഹായമെത്തിച്ചു. 30 ദുരിതാശ്വാസ ക്യാമ്പുകളും 63 മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തി. ദുരിത മേഖലകളിൽ ആസ്‌റ്റർ വോളന്റിയേഴ്‌സിന്റെ സന്നദ്ധ പ്രവർത്തനം ഇപ്പോഴും തുടരുന്നുണ്ട്.