ss

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു . രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിലെ ആശുപത്രികൾ കരസ്ഥമാക്കി എന്ന പ്രത്യേകതയുമുണ്ട്. കണ്ണൂർ കൊളശേരി യു.പി.എച്ച്.സി., കണ്ണൂർ ചെറുതാഴം, കണ്ണൂർ കാങ്കോൽ ആലപ്പടമ്പ, കണ്ണൂർ മലപ്പട്ടം, ആലപ്പുഴ പനവള്ളി , മലപ്പുറം അമരമ്പലം, തൃശൂർ ദേശമംഗലം , എറണാകുളം വാഴക്കുളം, കണ്ണൂർ പാട്യം കുടുംബാരോഗ്യ കേന്ദ്രങ്ങൾ , കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവയാണ് യഥാക്രമം ദേശീയ ഗുണനിലവാര അംഗീകാരമായത്. ദേശീയ അംഗീകാരത്തിനായി അയച്ച 55 ൽ 32 കേന്ദ്രങ്ങൾക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ 42 കേന്ദ്രങ്ങൾക്ക് അംഗീകാരമായി. 3 കേന്ദ്രങ്ങളുടെ അംഗീകാരത്തിനായുള്ള നടപടിക്രമങ്ങൾ കഴിഞ്ഞിട്ടുണ്ട്. 10 കേന്ദ്രങ്ങൾക്ക് അംഗീകാരത്തിനായുള്ള അപേക്ഷ നൽകിയിട്ടുമുണ്ട്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം കാസർകോട് കയ്യൂർ കുടുംബാരോഗ്യകേന്ദ്രം രാജ്യത്ത് ഒന്നാമതെത്തി . കണ്ണൂർ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം ഇപ്പോൾ രണ്ടാം സ്ഥാനത്താണ് . ഈ വർഷാവസാനത്തോടെ 140 കേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരം നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ്യനിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്പ് സേവനങ്ങൾ തുടങ്ങി 8 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന് പരിഗണിക്കുന്നത്.