news

1. നേതാക്കളിലും അണികളിലും സുഖിയന്മാര്‍ എന്ന് സി.പി.എം റിപ്പോര്‍ട്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച സംസ്ഥാന സമിതിയില്‍ ആണ് സ്വയം വിമര്‍ശനം. തെറ്റു തിരുത്തലിന്റെ ഭാഗമായുള്ള പാര്‍ട്ടി രേഖ സി.പി.എം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയാണ്. രാഷ്ട്രീയമായി നേരിടുന്ന വെല്ലുവിളികള്‍ സഖാക്കള്‍ മനസിലാക്കണം. സംഘടനാ കാര്യങ്ങളില്‍ സഖാക്കളുടെ ശ്രദ്ധ കുറയുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
2. അടിത്തറ തകരാതിരിക്കാന്‍ സമഗ്ര നിര്‍ദേശങ്ങളും ആയുള്ള കരട് പാര്‍ട്ടി രേഖയ്ക്ക് കഴിഞ്ഞ ദിവസമാണ് സി.പി.എം സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കിയത്. മൂന്ന് ദിവസം ചേരുന്ന സംസ്ഥാന സമിതി രേഖ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും. തെറ്റു തിരുത്തല്‍ രേഖ തയ്യാര്‍ ആക്കിയിരിക്കുന്നത്, പാര്‍ട്ടി സംഘടനാ തലത്തിലെ വീഴ്ചകള്‍ തിരുത്താന്‍ ഉള്ള കൊല്‍ക്കത്ത പ്ലീനത്തിന്റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി.
3. അതേസമയം, സംഘടനാ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നേതൃത്വം ഇച്ഛാശക്തി കാണിക്കണം എന്ന് രേഖയില്‍ നിര്‍ദേശം. നേതാക്കളുടെ പ്രവര്‍ത്തന പ്രസംഗ ശൈലികള്‍ മാറ്റണം. ബ്രാഞ്ച് തലം മുതല്‍ സംസ്ഥാന തലം വരെ നേതാക്കള്‍ ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുത്. ഓരോ പാര്‍ട്ടി യോഗങ്ങളും ക്ലാസുകളും ജനകീയ അടിത്തറ തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് എന്നും രേഖയില്‍ നിര്‍ദേശം ഉണ്ട്.
4. വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി ബോബി ചെമ്മണ്ണൂര്‍. കല്‍പ്പറ്റ ടൗണില്‍ 12 കോടി രൂപ വിലമതിക്കുന്ന 2 ഏക്കര്‍ ഭൂമി ഡോ. ബോബി ചെമ്മണ്ണൂര്‍ സൗജന്യമായി വിട്ടുനല്‍കും. കളക്രേ്ടറ്റില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാകളക്ടര്‍ എന്നിവരുമായി ബോബി ചെമ്മണ്ണൂര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ആണ് ഇതു സംബന്ധിച്ച തീരുമാനം ആയത്. കല്‍പ്പറ്റയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അഗതി മന്ദിരത്തിന്റെ 10 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് ദുരിത ബാധിതര്‍ക്കായി 2 ഏക്കര്‍ വിട്ടു നല്‍കുന്നത്


5. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതലുകള്‍ ഇല്ലെന്ന് വിശദീകരണം. പ്രാദേശികമായി കളക്ടര്‍മാര്‍ നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിരോധനം തുടരും. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ ആണ് നിരോധനം പിന്‍വലിച്ചിരിക്കുന്നത്. പാരിസ്ഥിതിക അനുമതി ഉള്ള ക്വാറികള്‍ക്ക് തടയിട്ടാല്‍ ഉടമകള്‍ കോടതിയിലേക്ക് നീങ്ങുമെന്ന വാദമാണ് വ്യവസായവകുപ്പും മൈനിംഗ് ആന്റ് ജിയോളജി വകുപ്പും പറയുന്നത്.
6. ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും ഇന്ന് മടങ്ങില്ല. നാളെ രാവിലെ തന്നെ മടങ്ങുമെന്നും ഷൂട്ടിംഗിന് കുറച്ചു സമയം കൂടി വേണമെന്നും സംഘം, ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. സനല്‍ കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'കയറ്റ'ത്തിന്റെ ഷൂട്ടിംഗ് ഹിമാലയത്തില്‍ ചിത്രീകരിക്കാന്‍ ആണ് മഞ്ജു ഛത്രുവില്‍ എത്തിയത്.
7. കെവിന്‍ കൊലക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി നാളെ വിധി പറയും. കെവിന്റേത് ദുരഭിമാനക്കൊല ആണെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണം എന്നും പ്രോസിക്യൂഷന്റെ ആവശ്യം. അതേസമയം കെവിന്റെത് ദുരഭിമാനക്കൊല ആണോ എന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞ 14 ന് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദീകരണം കോടതി കേട്ടിരുന്നു. ഇതിന് ശേഷം വിധി പറയാന്‍ കേസ് നാളത്തേക്ക് മാറ്റുക ആയിരുന്നു.
8. തിരുവനന്തപുരം മൃഗശാലയില്‍ വീണ്ടും അനാക്കോണ്ട ചത്തു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മൃഗശാലയിലെ രണ്ടു അനാക്കോണ്ടകള്‍ ആണ് ചത്തത്. 2014ല്‍ ശ്രീലങ്കയില്‍ നിന്ന് കൊണ്ടു വന്ന ഏഴ് അനാക്കോണ്ടകളിലെ താരമായിരുന്ന ഏയ്ഞ്ചലയാണ് ചത്തത്. വന്‍കുടലില്‍ ക്യാന്‍സറിന് സമാനമായ വളര്‍ച്ചയും അണുബാധയും ഉണ്ടെന്ന് പ്രാഥമിക കണ്ടെത്തല്‍ .
9. സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്.
10. ഓണത്തിന് മുന്‍പ് സര്‍ക്കാര്‍ പെന്‍ഷന്‍ ലഭ്യമാക്കും. സംസ്ഥാനത്തെ 53ലക്ഷം പേര്‍ക്കും ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ശനിയാഴ്ച തുടങ്ങും. ഒരാള്‍ക്ക് കുറഞ്ഞത് 3,600 രൂപ ലഭിക്കും. ഇതിന് ആവശ്യമായ തുക ധനവകുപ്പ് ഉടന്‍ അനുവദിക്കും. സഹകരണ സംഘങ്ങള്‍ വഴിയാണ് പെന്‍ഷന്‍ വിതരണം ചെയ്യുക. ബാങ്ക് അക്കൗണ്ടിലേക്ക് 29 മുതല്‍ പെന്‍ഷന്‍ തുക എത്തും. ക്ഷേമനിധി പെന്‍ഷന്‍ വിതരണവും അന്നുതന്നെ ആരംഭിക്കും.
11. സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി ഡല്‍ഹി പൊലീസ്. കോടതിയില്‍ നടന്ന വാദത്തിനിടെ ആണ് കേസിലെ സുപ്രധാന വിവരങ്ങള്‍ പൊലീസ് കോടതിയെ അറിയിച്ചത്. ശശി തരൂരിന്റെ മാനസിക പീഡനങ്ങളും പാക് മാദ്ധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധവുമാണ് സുനന്ദയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഇക്കാരണങ്ങളാല്‍ സുനന്ദ പുഷ്‌കര്‍ ഏറെനാള്‍ മാനസിക പ്രയാസം അനുഭവിച്ചിരുന്നത് ആയും പൊലീസ്.
12. ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ ഐസിസി അടുത്തിടെ പരിഷ്‌കരിച്ച ടെസ്റ്റ് ജഴ്സിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ എത്തുന്നത്. ടെസ്റ്റ് ചരിത്രത്തിലാദ്യമായി താരങ്ങളുടെ പേരും നമ്പറും ആലേഖനം ചെയ്ത ജഴ്സിയാണിത്. ത്സരത്തിന് മുന്നോടിയായി കോലിയടക്കമുള്ള താരങ്ങളുടെ പുത്തന്‍ ജഴ്സിയുടെ ചിത്രങ്ങള്‍ ടീം ഇന്ത്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടു. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ആന്റിഗ്വയില്‍ നാളെ ആരംഭിക്കും.