ബംഗളൂരു: ബി.ജെ.പി കർണാടക സംസ്ഥാന അദ്ധ്യക്ഷനായി ദക്ഷിണ കന്നഡ എം.പി നളിൻ കുമാർ കട്ടീലിനെ നിയമിച്ചു. അദ്ധ്യക്ഷനായിരുന്ന ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായതിനെ തുടർന്നാണു കട്ടീലിനെ നിയമിച്ചത്. നിലവിൽ കേരളത്തിലെ സഹപ്രഭാരിയായി സംഘടനാ ചുമതല വഹിച്ചു വരികയായിരുന്നു 53 കാരനായ കട്ടീൽ. 18-ാം വയസിൽ ആർ.എസ്.എസ് പ്രചാരക് ആയാണു മുഴുവൻ സമയ സംഘടനാ പ്രവർത്തനത്തിന് തുടക്കമിട്ടത്. 2004ൽ ജില്ലാ ജനറൽ സെക്രട്ടറിയായി.
2014ലെ കന്നിയങ്കത്തിൽ ശക്തനായ കോൺഗ്രസ് നേതാവ് ബി.ജനാർദൻ പൂജാരിയെ തോൽപ്പിച്ച് ശ്രദ്ധേയനായി. 2014ലും 2018ലും വിജയം ആവർത്തിച്ചു. കാസർകോട് ജില്ലയിൽ ബി.ജെ.പിയുടെ ശക്തരായ നേതാക്കളിൽ പ്രമുഖൻകൂടിയാണ് നളിൻകുമാർ.
ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഗാന്ധിജിയെക്കുറിച്ച് ട്വീറ്റ് ചെയ്തും പിന്നീട് പിൻവലിച്ചും നളിൻ കുമാർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ''ഗോഡ്സെ ഒരാളെ കൊന്നു, അദ്മൽ കസബ് 72 പേരെ കൊന്നു, ഗാന്ധിയാകട്ടെ, 17000 പേരെ കൊന്നു. ഇതിൽ ആരാണ് കൂടുതൽ ക്രൂരനെന്ന് നിങ്ങൾ തീരുമാനിക്കൂ" എന്നായിരുന്നു നളിൻ കുമാറിന്റെ ട്വീറ്റ്. വിവാദമായതോടെ പിന്നീട് ഇത് പിൻവലിച്ച് മാപ്പുപറയുകയും ചെയ്തു.