ഭോപ്പാൽ: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബാബുലാൽ ഗൗർ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാവിലെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അവശതകളാൽ ദീർഘനാളായി ചികിത്സയിലായിരുന്നു. 2004 –2005 കാലയളവിലാണ് ഗൗർ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. 1930 ജൂൺ 2ന് ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് ജനനം. തൊഴിലാളി സംഘടനാനേതാവായി ഉയർന്നുവന്ന അദ്ദേഹം ഗോവിന്ദ്പുര നിയമസഭാ മണ്ഡലം 10 തവണ പ്രതിനിധീകരിച്ചു. മദ്ധ്യപ്രദേശിന്റെ മുഖച്ഛായ മാറ്റാനും ബി.ജെ.പിയെ ശക്തിപ്പെടുത്താനും പ്രയത്നിച്ച നേതാവാണ് ബാബുലാൽ ഗൗറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.