hantex

തിരുവനന്തപുരം: ഹാന്റക്‌സിന്റെ ഓണം റിബേറ്ര് വില്‌പനയുടെ സംസ്‌ഥാനതല ഉദ്ഘാടനവും പുതിയ മെൻസ് വേൾഡ് ഷോറൂമിന്റെ ഉദ്ഘാടനവും മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. ഹാന്റക്‌സ് കൈത്തറി ഭവനോട് ചേർന്നുള്ള മെൻസ് വേൾഡ് ഷോറൂമിൽ പുരുഷന്മാരുടെ വസ്‌ത്രവൈവിദ്ധ്യങ്ങൾ സാക്ഷാത്‌കരിക്കുന്ന കൈത്തറി വസ്‌ത്രങ്ങൾ അണിനിരത്തിയിരിക്കുന്നു. പ്രീമിയം ക്വാളിറ്റി മുണ്ടുകൾ മുതൽ റെഡിമെയ്ഡ് ഷർട്ടുകൾ വരെ ഇവിടെയുണ്ട്.

പ്രീമിയം ഡബിൾ മുണ്ടുകൾ, കസവ് മുണ്ടുകൾ, വിവിധ നിറത്തിലുള്ള ഒറ്റ മുണ്ടുകൾ, കൈലി തുടങ്ങിയവയുമുണ്ട്. ഓണത്തോട് അനുബന്ധിച്ച് പാരമ്പര്യവും അത്യാധുനിക വസ്‌ത്രസങ്കല്‌പവും സംഗമിക്കുന്ന ആകർഷകവും ഗുണമേന്മയേറിയതുമായ കൈത്തറി വസ്‌ത്രങ്ങളുമായി കൈത്തറി ഭവൻ ഷോറൂമും സജ്ജമാണ്. വിവിധതരം പരമ്പരാഗത സാരികൾ, കുത്താംപുള്ളി കളർ സാരികൾ, ബാലരാമപുരം സാരികൾ, കാസർഗോഡ് സാരികൾ തുടങ്ങിയവയുടെ വലിയശേഖരം ഇവിടെയുണ്ട്.

ബെഡ്‌ഷീറ്റുകൾ, പില്ലോകവർ, ടവലുകൾ, ഫർണീഷിംഗ് തുണികൾ തുടങ്ങിയവയും ലഭ്യമാണ്. സർക്കാർ പ്രഖ്യാപിച്ച 20 ശതമാനം റിബേറ്റിനൊപ്പം ഹാന്റക്‌സിന്റെ മറ്റ് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഈവർഷത്തെ ഓണം റിബേറ്ര് വില്‌പനയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം.വി. ജയലക്ഷ്‌മി, ഹാന്റക്‌സ് പ്രസിഡന്റ് പെരിങ്ങമല വിജയൻ, കൈത്തറി ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്‌ടർ കെ. സുധീർ, വൈസ് പ്രസിഡന്റ് വണ്ടന്നൂർ സദാശിവൻ, കൈത്തറി തൊഴിലാളി ക്ഷേമനിധി ചെയർമാൻ അരക്കൻ ബാലൻ, ഹാന്റക്‌സ് മാനേജിംഗ് ഡയറക്‌ടർ കെ.എസ്. അനിൽകുമാർ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ സി.എസ്. സിമി, ഹാന്റക്‌സ് ഭരണ സമിതിയംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.