വാഷിംഗ്ടൺ: കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കു പാകിസ്ഥാനുമിടയിൽ മദ്ധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാശ്മീർ സങ്കീർണമായ വിഷയമാണ്. ഇരുപ്രധാനമന്ത്രിമാരോടും ഞാൻ ഫോണിലൂടെ സംസാരിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കാൻ സഹായിക്കുന്നതിൽ സന്തോഷം മാത്രമേയുള്ളൂ. ട്രംപ് വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജി 7 ഉച്ചകോടിക്കായി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ കാശ്മീർ വിഷയവും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. അതേസമയം, കാശ്മീർ തങ്ങളുടെ ആഭ്യന്തരകാര്യമാണെന്ന് ഇന്ത്യ, യു.എൻ സമിതിയിലടക്കം ആവർത്തിച്ചു വ്യക്തമാക്കിയതിന് പിന്നാലെയാണ് മദ്ധ്യസ്ഥതയ്ക്കായുള്ള ട്രംപിന്റെ ഇടപെടൽ.
നേരത്തെ ഒസാക്കയിൽവച്ച് കാശ്മീർ പ്രശ്നത്തിനു മദ്ധ്യസ്ഥനാവാൻ താത്പര്യമുണ്ടോയെന്നു മോദി തന്നോടു ചോദിച്ചെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. അങ്ങനെയൊരു പരാമർശമുണ്ടായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെ, കാശ്മീർ പ്രശ്നത്തെ ഉഭയകക്ഷി വിഷയമായി തന്നെയാണു തങ്ങൾ കാണുന്നതെന്നും പരിഹാരത്തിനു സഹായിക്കാൻ തയ്യാറാണെന്നും യു.എസ് വിദേശകാര്യ വകുപ്പ് നിലപാട് തിരുത്തുകയായിരുന്നു.