gvr-death-nedungadi

ഗുരുവായൂർ: സോപാന സംഗീതജ്ഞൻ ജനാർദ്ദനൻ നെടുങ്ങാടി (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആറര പതിറ്റാണ്ടു കാലമായി ഗുരുവായൂരപ്പന് മുന്നിൽ സോപാന സംഗീതം ആലപിച്ചു വരുന്നത് ജനാർദ്ദനൻ നെടുങ്ങാടിയാണ്.

1985ൽ ദേവസ്വത്തിൽ നിന്നും ഔദ്യോഗികമായി വിരമിച്ചെങ്കിലും ഗുരുവായൂരപ്പന് മുന്നിൽ സോപാന സംഗീതാർച്ചന നടത്തുന്നത് മുടക്കിയിരുന്നില്ല. ഏതാനും ആഴ്ചകൾക്ക് മുൻപുവരെ ഇദ്ദേഹം ശിഷ്യരെ പഠിപ്പിച്ചും വിവിധ ക്ഷേത്രങ്ങളിൽ സംഗീതം ആലപിച്ചും രംഗത്ത് സജീവമായിരുന്നു.

കേന്ദ്ര കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരങ്ങൾ, ഷട്കാല ഗോവിന്ദ മാരാർ പുരസ്‌കാരം, ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1969ൽ ഡൽഹിയിൽ നടന്ന ദേശീയ സോപാന സംഗീത സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഗീതാഗോവിന്ദത്തിന് രാധാകൃഷ്ണ പ്രേമം അഥവാ അഷ്ടപദി എന്ന വ്യഖ്യാനം രചിച്ചിട്ടുണ്ട്. സോപാന സംഗീതത്തെക്കുറിച്ചു ബൃഹത്തായ ഒരു ഗ്രന്ഥം രചിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ വിയോഗം. പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി. ഭാര്യ: പരോതയായ പത്മിനി അമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണൻ (റിട്ട. ഗുരുവായൂർ ദേവസ്വം), വാസുദേവൻ, തുളസി, രാധിക. മരുമക്കൾ: ശശികുമാർ, പരേതനായ മുരളീധരൻ.