കൊച്ചി: ബാങ്കിങ് ഇടപാടുകൾക്ക് ഡെബിറ്റ് കാർഡ് ഒഴിവാക്കാനുള്ള നീക്കവുമായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ. ഡിജിറ്റലായി നടത്താവുന്ന പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും പ്ലാസ്റ്റിക് കാർഡുകൾ ഒഴിവാക്കുന്നതിനായുമാണ് എസ്.ബി.ഐ ഈ നീക്കത്തിന് ഒരുങ്ങുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള കാർഡുകൾ ഇല്ലാതാക്കി ഉപഭോക്താക്കളെ ഡിജിറ്റൽ പണമിടപാടുകളുടെ ലോകത്തേക്ക് ഇറക്കാനാണ് എസ്.ബി.ഐ തീരുമാനം.
നിലവിൽ ഏതാണ്ട് 90 കോടി ഡെബിറ്റ് കാർഡ് ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്. എന്നാൽ ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കാനും വിവിധ സ്ഥാപനങ്ങളുമായി പണമിടപാട് നടത്താനും കഴിയുമെന്ന് എസ്.ബി.ഐ പറയുന്നുണ്ട്. എസ്.ബി.ഐ ചെയർമാനായ രജ്‌നീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
എസ്.ബി.ഐയുടെ തന്നെ 'യോനോ' എന്ന മൊബൈൽ ആപ്പിലൂടെയും, ഇതിന്റെ മറ്റ് പ്ലാറ്റുഫോമുകളിലൂടെയും പണമിടപാട് നടത്തുക വഴി ഡെബിറ്റ് കാർഡുകളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നും എസ്.ബി.ഐ പറയുന്നു.. എസ്.ബി.ഐയുടെ 'യോനോ' വഴി എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാനും മറ്റ് പണമിടപാടുകൾ നടത്താനാകും. 'യോനോ' വഴി മാത്രമല്ല, നിരവധി പേർ ഗൂഗിൾ പേ, പേറ്റിഎം, ഭീം ആപ്പ് എന്നിവ വഴിയും ഇപ്പോൾ പണമിടപാടുകൾ നടത്തുന്നുണ്ട്.