vietjet-

ന്യൂഡൽഹി: ബിക്കിനിയിട്ട എയർഹോസ്റ്റസുമാരെ അവതരിപ്പിച്ച് ശ്രദ്ധേയരായ വിയറ്റ് ജെറ്റ് വിമാനക്കമ്പനി ഇന്ത്യയിലേക്കും സർവീസ് തുടങ്ങുന്നു. ഡിസംബർ മുതൽ വിയെറ്റ് ജെറ്റ് ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ ആറ് മുതൽ മാർച്ച് 28വരെയുള്ള സർവീസുകൾക്കുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

വിയറ്റ്‌നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്നും ഡൽഹിയിലേക്കാണ് സർവീസ്. വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെൻ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയർലൈൻ. ബിക്കിനി ധരിക്കണമോ അതോ പരമ്പാരാഗതത വസ്ത്രം ധരിക്കണമോ എന്ന് തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയർഹോസ്റ്റസുമാർക്കുണ്ടെങ്കിലും പൊതുവെ എല്ലാവരും ബിക്കിനിയാണ് തിരഞ്ഞെടുക്കാറ്. ഇത്തരത്തിലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗിച്ച് 2011ൽ ആരംഭിച്ച എയർലൈൻസിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വൻവളർച്ചയാണ് ഉണ്ടായത്.


വിമാന സർവീസിന്റെ പ്രചാരണത്തിനായി ബിക്കിനിയിട്ട എയർഹോസ്റ്റസുമാരുടെ ഫോട്ടോ ഉപയോഗിച്ചത് വിവാദമായിരുന്നു. ബിക്കിനിയിട്ട ഫ്ലൈറ്റ് അറ്റൻഡർമാരേയും പൈലറ്റുമാരേയും ഗ്രൗണ്ട് സ്റ്റാഫുകളെയും മോഡലുകളാക്കിയാണ് വിയറ്റ്‌ജെറ്റ് വാർഷിക കലണ്ടർ ഇറക്കുന്നത്. എയർലൈൻസിന്റെ ഉദ്ഘാടന യാത്രയിൽ തന്നെ ബിക്കിനിയിട്ട എയർഹോസ്റ്റസുമാരായിരുന്നു ഉണ്ടായിരുന്നത്.

യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വെച്ച് 2012ൽ എയർഹോസ്റ്റുമാരുടെ ഫാഷന്‍ ഷോ അവതരിപ്പിച്ചതും വിവാദമായിരുന്നു. വിയറ്റ്‌നാം ഏവിയേഷൻ അതോറിട്ടയിൽ നിന്ന് അനുവാദം വാങ്ങാതെ ഷോ നടത്തിയതിന് എയർലൈൻസിൽ നിന്നും 62000 രൂപ പിഴ ഈടാക്കിയിരുന്നു.