rafale-

ന്യൂഡൽഹി : വിവാദങ്ങൾക്ക് വഴിവച്ച റാഫേൽ കരാറിന്റെ ഭാഗമായി നിർമ്മിച്ച റാഫേൽ യുദ്ധവിമാനങ്ങൾ അടുത്തമാസം ഇന്ത്യയിലെത്തും. വ്യോമസേനയ്ക്കായി വാങ്ങുന്ന ആദ്യ റാഫേൽ യുദ്ധവിമാനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വ്യോമസേനാ മേധാവി ചീഫ് മാർഷൽ ബി.എസ്.ധനോവയും ഫ്രാൻസിലെത്തി ഏറ്റുവാങ്ങും. സെപ്തംബർ 20ന് ഇവർ വിമാനം ഏറ്റുവാങ്ങുന്നതിനായി ഫ്രാൻസിലെത്തുമെന്നാണ് റിപ്പോർട്ട്.

ഫ്രാൻസിലെ ദസോ ഏവിയേഷനാണ് വിമാനം നിർമ്മിച്ചത്. ഫ്രാൻസിലെ ബോർഡിയോക്സിലുള്ള ദസോയുടെ പ്ലാന്റിൽനിന്നാണ് പ്രതിരോധ മന്ത്രിയും വ്യോമസേനാ മേധാവിയും ചേർന്ന് ഫ്രഞ്ച് അധികൃതരിൽ നിന്ന് വിമാനം ഏറ്റുവാങ്ങുന്നത്. സേനാംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘവും ഇവരെ അനുഗമിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് വാർത്താഏജൻസിയോട് പറഞ്ഞു.

ദസോ ഏവിയേഷൻ 36 റാഫേൽപോർവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിർമ്മിച്ചുനൽകുന്നത്. അടുത്ത വർഷം മെയ് മാസത്തോടെ ആദ്യ ഘട്ടത്തിലുള്ള വിമാനങ്ങൾ ഇന്ത്യയിലെത്തിത്തുടങ്ങും. നിലവിൽ ഫ്രഞ്ച് വ്യോമസേന ഉപയോഗിക്കുന്നതിനേക്കാൾ ആധുനിക സജ്ജീകരണങ്ങളുള്ള വിമാനങ്ങളാണ് ഇന്ത്യയ്ക്കായി നിർമ്മിക്കുന്നത്.

2016ലാണ് ഇന്ത്യ, ഫ്രാൻസിൽനിന്ന് 36 റാഫേൽ പോർവിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവച്ചത്.