ന്യൂഡൽഹി: വ്യോമസേനയ്ക്കായി ഇന്ത്യ വാങ്ങുന്ന ആദ്യ റാഫേൽ യുദ്ധവിമാനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വ്യോമസേനാ മേധാവി ചീഫ് മാർഷൽ ബി.എസ്. ധനോവയും സെപ്തംബർ 20ന് ഫ്രാൻസിലെത്തി ഏറ്റുവാങ്ങും. ഫ്രാൻസിലെ ബോർഡിയോക്‌സിലുള്ള ദസോൾട്ടിന്റെ പ്ലാന്റിൽനിന്നാണ് ഫ്രഞ്ച് അധികൃതരിൽനിന്ന് വിമാനം ഏറ്റുവാങ്ങുക. ഫ്രാൻസിലെ ദസോൾട്ട് ഏവിയേഷൻ നിർമിച്ച ആദ്യ വിമാനമാണിത്. പ്രതിരോധമന്ത്രിയെയും വ്യോമസേനാ മേധാവിയെയും കൂടാതെ സേനാംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘവും ഫ്രാൻസിലേക്ക് പോകുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു. 2016ലെ കരാറനുസരിച്ച് 36 റാഫേൽ വിമാനങ്ങളാണ് ദസോൾട്ട് ഏവിയേഷൻ നൽകുന്നത്. 7.87 ബില്യൺ യൂറോ (59000 കോടി രൂപ)യുടേതാണ് കരാർ. അടുത്ത വർഷം മേയിൽ ആദ്യ ഘട്ടത്തിലുള്ള വിമാനങ്ങൾ ഇന്ത്യയിലെത്തിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്.
വിമാനം പറത്താൻ ഇന്ത്യൻ വൈമാനികർക്ക് ഫ്രഞ്ച് കമ്പനി പരിശീലനം നൽകും
മൂന്ന് ബാച്ചുകളിലായി 24 വൈമാനികർക്ക് പരിശീലനം നൽകും
2016ലാണ് ഇന്ത്യ, ഫ്രാൻസുമായി റാഫേൽ കരാറിൽ ഒപ്പുവച്ചത്.
7.87 ബില്യൺ യൂറോ (59000 കോടി രൂപ)യുടേതാണ് കരാർ