അബുദാബി: ഇന്ത്യയും യു.എ.ഇയും തമ്മിലെ സാഹോദര്യബന്ധത്തിന് കാലങ്ങളുടെ ആഴമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം ഇതിന് കൂടുതൽ ശക്തിപകരുമെന്നും പ്രമുഖ വ്യവസായിയും എൻ.എം.സി ഹെൽത്ത് കെയർ, ഫിനേബ്ളർ, ബി.ആർ.എസ് വെഞ്ച്വേഴ്‌സ്, നിയോഫാർമ എന്നിവയുടെ സ്ഥാപക - ചെയർമാനുമായ ഡോ.ബി.ആർ. ഷെട്ടി പറഞ്ഞു.

ഇന്ത്യയുമായുള്ള ദൃഢമായ ബന്ധത്തിന് ആദരമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ സർക്കാർ സയീദ് മെഡൽ സമ്മാനിക്കും. മോദി നയിക്കുന്ന, സ്ഥിരതയാർന്ന സർക്കാരിന്റെ കരുത്തിൽ ഇന്ത്യ മികച്ച വികസന നേട്ടങ്ങൾ കൊയ്യുമെന്നാണ് പ്രതീക്ഷ. അന്താരാഷ്‌ട്ര വ്യാപാരം, വാണിജ്യം, ആരോഗ്യരംഗം, വിദ്യാഭ്യാസം, ഐ.ടി., കാർഷികം, റിന്യൂവബിൾ എനർജി എന്നിവ മികച്ച നേട്ടം കൊയ്യും. ഇന്ത്യയിലാകെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കപ്പെടും. സർക്കാരിന്റെ മികച്ച പ്രവർത്തനത്തിന്റെ ഫലമായി ജനങ്ങൾക്ക് ക്ഷേമം ലഭ്യമാകും. 'വസുധൈവ കുടുംബകം" (ലോകമാകെ ഒറ്റ കുടുംബം) എന്ന സന്ദേശമാണ് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതെന്നും ഡോ. ഷെട്ടി പറഞ്ഞു.