കൊൽക്കത്ത: തന്റെ തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിൽ നിന്നും അൽപ്പനേരത്തേക്കെങ്കിലും രക്ഷപ്പെടാൻ കടൽ തീരത്തിനരികിലുള്ള ചായ മൊത്തി കുടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ കടൽത്തീര പട്ടണമായ ദിഖയിലെ ഒരു ചായക്കടയിൽ നിന്നുമാണ് സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ ചായ മമത അകത്താക്കിയത്. മമതയുടെ വരവറിഞ്ഞ് നിരവധി പേർ കടയ്ക്ക് മുൻപിലായി തടിച്ച് കൂടിയിരുന്നു.
ചായ കുടിക്കുടിച്ച് ഒപ്പം നിന്ന നാട്ടുകാരോട് ഒരു അടുത്ത ബന്ധുവിനെ പോലെ കുശലാന്വേഷണവും മമത നടത്തി. മമതയുടെ വരവും പ്രവൃത്തിയും കണ്ട ചായക്കടക്കാരനും ഈ സമയത്ത് അത്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു. തിളച്ച വെള്ളത്തിൽ ചായപ്പൊടി കലർത്തി, പഞ്ചസാര കലർത്തിയ മമത, അവിടെ കൂടി നിൽക്കുന്നവർക്ക് ഇതുപോലെ ചായ നൽകാൻ കടക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു.
മമതയുടെ ഈ പുതിയ നീക്കം ജനങ്ങളെ കൈയിലെടുക്കുന്നതിന് വേണ്ടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നത്. ഈയിടയ്ക്ക് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സേവനം മമത തേടിയിരുന്നു. 2014ലിൽ മോദിയെ അധികാരത്തിൽ എത്തിച്ചത് പ്രശാന്തിന്റെ നീക്കങ്ങളായിരിക്കുന്നു. മോദിയുടെ 'ചായ പാരമ്പര്യത്തെ' പരിഹസിച്ചിരുന്ന മമത ഇപ്പോൾ അതെ മാർഗം തന്നെ സ്വീകരിക്കാൻ കാരണവും പ്രശാന്തിന്റെ നിർദ്ദേശം തന്നെയാണെന്നാണ് കണക്കുകൂട്ടൽ.