ഹോങ്കോംഗ്: ഹോങ്കോംഗിലെ ബ്രിട്ടിഷ് കോൺസുലേറ്റ് ജീവനക്കാരനെ ചൈന കരുതൽ തടങ്കലിലാക്കിയതായി റിപ്പോർട്ട്. കോൺസുലേറ്റിലെ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഓഫിസറായ സിമോൺ ചെംഗ് (28) പിടിയിലായ വിവരം ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 15 ദിവസത്തേക്കാണ് തടവെന്ന് മന്ത്രാലയം വക്താവ് ഗെങ് ഷുവാംഗ് പറഞ്ഞു. രണ്ടാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ലെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു ചൈനയുടെ ഔദ്യോഗിക വിശദീകരണം. ഇതിനോടകം വഷളായിരിക്കുന്ന ചൈന - ബ്രിട്ടൻ ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ വീഴ്ത്തുന്നതാണ് ചൈനയുടെ നീക്കം.
ഈ യുവാവ് യു.കെ പൗരനല്ല ഹോങ്കോങ് സ്വദേശിയാണെന്നും അതിനാൽ വിഷയം ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും ഗെങ് ഷുവാങ് പറഞ്ഞു. ചൈനയുടെ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ പണിഷ്മെന്റ് ലോ പ്രകാരമാണ് തടവിലാക്കൽ. ബ്രിട്ടിഷ് കോൺസുലേറ്റിന്റെ സ്കോട്ടിഷ് ഡവലപ്മെന്റ് ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് ഏജൻസിയിലായിരുന്നു സിമോണിനു ജോലി. ഇടയ്ക്കിടെ ചൈനയിലേക്കും യാത്ര പതിവായിരുന്നു. സംഭവത്തിൽ ആശങ്കയുണ്ടെന്നും ചൈനീസ് അധികൃതരുമായും സിമോണിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ബ്രിട്ടിഷ് കോൺസുലേറ്റ് ജനറൽ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.