inx

ന്യൂഡൽഹി:സി.ബി.ഐയുടെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ വാർത്താസമ്മേളനം നടത്തിയ മുൻ ധനമന്ത്രി പി ചിദംബരത്തെ കസ്റ്റഡിയിൽ എടുത്തു. ചിദംബരത്തെ വീട്ടിൽ നിന്ന് സി.ബി.ഐ മാറ്റിയിട്ടുണ്ട്. വാർത്താസമ്മേളനത്തിന് ശേഷം ഡൽഹിയിലെ വസതിയിലേക്ക് മടങ്ങിയ ചിദംബരത്തെ കസ്റ്റഡിയിലെടുക്കാൻ എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥർക്ക് വീട്ടിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല ഗേറ്റ് പൂട്ടിയ നിലയിലായിരുന്നതിനാൽ സി.ബി.ഐ സംഘവും എൻഫോഴ്‍സ്മെന്റ് സംഘവും ചിദംബരത്തിന്റെ വീടിന്റെ മതിൽ ചാടിക്കടന്നാണ് അകത്തേക്ക് പോയത്. ചിദംബരത്തെ അഞ്ച് ഉദ്യോഗസ്ഥർ ചേർന്ന് ചോദ്യംചെയ്യലിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്.

ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി ചിദംബരം മാധ്യമങ്ങളെ കണ്ടത്.

ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഇതുവരെ കേസിൽ വ്യക്തമായ തെളിവുകളില്ലെന്നും ചിദംബരം പറയുന്നു. സി.ബി.ഐ കോൺഗ്രസ്‌ ആസ്ഥാനത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ്‌, കോൺഗ്രസ്‌ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.